തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന് സമാനമായി ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി പ്രവചനത്തില്‍ പറയുന്നു. 14 ജില്ലകളില്‍ ഒരിടത്തും തീവ്ര, അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നില്ല.
കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്.എറണാകുളം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് അവധി ഇവിടങ്ങളില്‍
കോട്ടയം ജില്ലയിലെ മുഴുവനും ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.
ജൂലായില്‍ മഴ വീണ്ടും സജീവമാകും
ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും ജൂലായിലെ രണ്ടാമത്തെ ആഴ്ചയോടെ വീണ്ടും ശക്തമായ മഴ പെയ്യാനാണ് സാദ്ധ്യത. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുന്നുണ്ട്.
Source link