കടയിലേക്ക് ആകര്‍ഷിക്കാന്‍ മോശം വാക്കുകളും ദ്വയാര്‍ത്ഥ പ്രയോഗവും, കച്ചവടക്കാര്‍ക്കെതിരെ സ്ത്രീകളുടെ പരാതി

കോഴിക്കോട്: മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവരെ കടയിലേക്ക് ആകര്‍ഷിക്കാനായി തടഞ്ഞ് നിര്‍ത്തുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. പലപ്പോഴും ദ്വയാര്‍ത്ഥം വരുന്ന പദങ്ങള്‍ പോലും കച്ചവടക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ മിഠായിത്തെരുവിലെ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു.നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീര്‍ പറഞ്ഞു.

സംഭവത്തില്‍ പരാതികള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇനിയും മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ കര്‍ശനമായി നിയമനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. കച്ചവടക്കാരുടെ ഇടപെടല്‍ പരിശോധിക്കാന്‍ മഫ്തിയില്‍ പൊലീസുകാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ട്.


Source link

Exit mobile version