‘സാപ്പിയുടെ ചുരുട്ടിപ്പിടിച്ച കൈകൾ നിവർത്തി ചേർത്തുവച്ചത് സിദ്ദീഖാണ്’ | Unni K Warrier Rashin
‘സാപ്പിയുടെ ചുരുട്ടിപ്പിടിച്ച കൈകൾ നിവർത്തി ചേർത്തുവച്ചത് സിദ്ദീഖാണ്’
ഉണ്ണി. കെ. വാരിയർ
Published: June 28 , 2024 11:39 AM IST
1 minute Read
എനിക്കു റാഷിനെ പരിചയമില്ല. നേരത്തെ കണ്ടിട്ടുപോലുമില്ല. കേട്ടിട്ടുണ്ടെന്നു മാത്രം. പക്ഷേ റാഷിൻ എന്ന സാപ്പി മരിച്ചതു കേട്ടു കഴിഞ്ഞ ദിവസം എന്റെ കണ്ണു നിറഞ്ഞു.
നടൻ സിദ്ദീഖിന്റെ മകനായ സാപ്പിയെന്ന റാഷിൻ ജനിച്ചതു ബൗദ്ധിക ഭിന്നശേഷിയോടെയാണ്. പിന്നീടുള്ള വളർച്ച ആ കുടുംബം നൽകിയ സ്നേഹത്തിന്റ കടലിലായിരുന്നു. സാധാരണ കുട്ടിക്കു നൽകുന്നതിലും എത്രയോ ഇരട്ടി പരിഗണനയിലൂടെയാണു സാപ്പിനെ വളർത്തിയത്. ഇന്നലെ സീദ്ദിഖ് അതേക്കുറിച്ചു പറയുമ്പോൾ പത്തോ ഇരുപതോ മിനിറ്റുകൊണ്ടു ഞാൻ സാപ്പിയെ അറിയുകയായിരുന്നു.
സാപ്പി വായിക്കാൻ തുടങ്ങിയതു കുട്ടിക്കാലത്താണ്. കാക്കനാട്ടെ ലൈബ്രറിയിൽ നിന്നു പുസ്തമെടുക്കാൻ തുടങ്ങി. ആഴ്ചയിലൊരിക്കൽ ലൈബ്രറിയിൽ പോകുന്നതു പതിവായിരുന്നു. കൊണ്ടുപോകാൻ വിട്ടുപോയാൽ സാപ്പി കണ്ണു നിറച്ചു മിണ്ടാതിരിക്കും. 37 വയസ്സുവരേയും അതു തുടർന്നു. 37ലും സാപ്പി കുട്ടിയായിരുന്നല്ലോ. ഇതുപോലെ അക്ഷരങ്ങളെ സ്നേഹിച്ച ഏതെങ്കിലും കുട്ടിയുണ്ടാകുമോ. വായിക്കാൻ പുതിയ പുസ്തകം കിട്ടാതെ കരയുന്ന കുട്ടി.
അടുത്ത വന്നിരിക്കുമ്പോൾ സാപ്പി സിദ്ദീഖിന്റെ കൈ കയ്യോടു ചേർത്തു പിടിക്കുമായിരുന്നു. ‘പോയതിലും വലിയ സങ്കടം ഇനി അടുത്തിരിക്കുമ്പോൾ അവന്റെ കൈ എന്റെ ഉള്ളം കയ്യിലുണ്ടാകില്ലോ’ എന്നതാണു വലിയ സങ്കടമെന്നു പറയുമ്പോൾ എനിക്കു സാപ്പിയുടെ ഉള്ളം കയ്യിന്റെ തണുപ്പു ഫീൽ ചെയ്തു. ഉറക്കത്തിലാണു സാപ്പി മരിക്കുന്നത്.
ആശുപത്രിയിൽ സിദ്ദീഖ് എത്തുമ്പോഴാണു മരിച്ചു എന്നു തിരിച്ചറിയുന്നത്. സാപ്പി കുട്ടികളെപ്പോലെ രണ്ടു കൈകളും ചുരുട്ടി പിടിച്ചിരിക്കുകയായിരുന്നു. അതു നിവർത്തി ചേർത്തുവച്ചതു സിദ്ദീഖാണ്. അവസാനമായി അവന്റെ കൈ സിദ്ദിഖിന്റെ ഉള്ളം കയ്യിൽ അമർന്നതും അപ്പോഴായിരുന്നു. ഇതു പറയുമ്പോഴും സിദ്ദിഖ് ഉള്ളം കയ്യിലേക്കു നോക്കുന്നുണ്ടായിരുന്നു. സാപ്പിയുടെ ഗന്ധം അവിടെ ബാക്കിയാകുന്നതുപോലെ തോന്നിക്കാണും.
English Summary:
Unni K Warrier About Rashin
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews 1f1925akpf199dolrapd4ool7k f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie unni-k-warrier mo-entertainment-movie-siddique
Source link