കൊച്ചിയില്‍ മാരകായുധങ്ങളുമായി വീട് കുത്തിത്തുറന്നു, പൊലീസ് എത്തിയപ്പോള്‍ പ്രതി അബോധാവസ്ഥയില്‍
കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ മാരകായുധങ്ങളുമായി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊച്ചിയില്‍ നടത്തിയ മോഷണത്തില്‍ തിരുവനന്തപുരം ബീമാപള്ളി സ്വദേശി നസറൂദ്ദീന്‍ ഷാ (32) ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മറ്റൊരു വീട്ടിലും സമാനമായ രീതിയില്‍ പ്രതികള്‍ മോഷണം നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മോഷണം നടത്താനായി എറണാകുളത്ത് തങ്ങിയിരുന്ന സംഘത്തെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. പൊലീസ് ലോഡ്ജിലെത്തിയപ്പോള്‍ പ്രതി നസറുദ്ദീന്‍ ഷാ ലഹരി മരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെ അഭിനയിച്ച് രക്ഷപ്പെടാനും നസറുദ്ദീന്‍ ശ്രമിച്ചു. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ കാപ്പ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് നസറുദ്ദീന്‍ ഷായെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ക്കു പുറമേ മലപ്പുറം പരപ്പനങ്ങാടി, എറണാകുളം പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള അമ്പലം തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൂടെയുണ്ടായിരുന്നയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ജൂണ്‍ 16-ന് പുലര്‍ച്ചെയാണ് പനമ്പിള്ളി നഗര്‍ അറ്റ്‌ലാന്റിസ് റെയില്‍വേ ഗേറ്റിനു സമീപമുള്ള സ്റ്റീഫന്‍ ലൂയിസിന്റെ വീട് കുത്തിത്തുറന്ന് മാരകായുധങ്ങളുമായെത്തിയവര്‍ മോഷണം നടത്തിയത്. വീട്ടിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ ഇവര്‍ താമസിച്ചതായി കണ്ടെത്തി.
Source link