വലവിരിച്ച് സൈബർ റാക്കറ്റ് വീഴരുത്, ഇത് ചൈനീസ് ട്രാപ്പ് !
കൊച്ചി: ആകർഷകമായ വൻശമ്പളം. സൗജന്യ താമസവും ഭക്ഷണവും. ജോലി വിവരങ്ങൾ ലഭ്യമാകുന്ന ആപ്പിലൂടെ കംബോഡിയയിലെ ഒരു കമ്പനിയിൽ ജോലി തരപ്പെട്ടപ്പോൾ എറണാകുളം സ്വദേശിയായ യുവാവ് ജീവിതം രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു.
കംബോഡിയയിൽ ചെന്നിറങ്ങിയപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്. ഓൺലൈൻ റമ്മി തട്ടിപ്പിൽ ആളുകളെ കുടുക്കി പണം കൈക്കലാക്കുന്ന ചൈനീസ് ബന്ധമുള്ള റാക്കറ്റായിരുന്നു ജോലി വാഗ്ദാനത്തിന് പിന്നിൽ. മലയാളികളെ ഫോൺവിളിച്ച് റമ്മി കളിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ജോലി. ഒരുമാസത്തോളം കൊടിയപീഡനം നേരിട്ട് യുവാവ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് തിരിച്ചെത്തിയപ്പോഴാണ് സംഭവം വീട്ടുകാർ പോലും അറിഞ്ഞത്.
മടങ്ങിയെത്തി മാസങ്ങൾ പിന്നിട്ടെങ്കിലും നീറുന്ന അനുഭവങ്ങൾ യുവാവ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇത്തരം ജോലിത്തട്ടിപ്പ് വർദ്ധിച്ചതോടെയാണ് അനുഭവം തുറന്ന് പറഞ്ഞത്.
തമിഴ്നാട്, കർണാടക സ്വദേശികളടക്കം ധാരാളം ഇന്ത്യക്കാർ ഇപ്പോഴും റാക്കറ്റിന്റെ കെണിയിലാണെന്ന് യുവാവ് പറഞ്ഞു. ഓരോ സംസ്ഥാനത്തുള്ളവരെ തട്ടിപ്പിനിരയാക്കാൻ അതാത് ഭാഷ സംസാരിക്കുന്നവരെ നിയോഗിക്കും. ഓൺലൈൻ റമ്മി മുതൽ ട്രേഡിംഗ് വരെയാണ് പണംതട്ടാനും ഇരകളെ വീഴ്‌ത്താനും മാർഗമാക്കിയിരുന്നത്.
കമ്പനി ഒരു ജയിൽ
സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും നേരിട്ടുമാണ് ഉദ്യോഗാർത്ഥികളെ വീഴ്ത്തുന്നത്. വിസയും യാത്രാച്ചെലവുമെല്ലാം കമ്പനി വഹിക്കും. കംബോഡിയയിലെ ചൈനീസ് അധിനിവേശ സ്ഥലത്ത് ജയിൽസമാനമാണ് സ്ഥാപനങ്ങൾ. ആളുകളെ വീഴ്ത്തിയില്ലെങ്കിൽ ആയുധധാരികളായ ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക പീഡനങ്ങളുറപ്പ്.
കോടികൾ ലാഭം
ഗെയിമിംഗ് ആപ്പുകളിൽ മത്സരിക്കാൻ ആളുകളെ അടുപ്പിക്കുകയാണ് യുവാക്കളുടെ ജോലി. മത്സരിക്കുന്നവർക്ക് ആദ്യം ചെറിയതുക നൽകും. ആവേശം കൂടുമ്പോൾ ആളുകൾ കൈയിൽ നിന്ന് പണമിറക്കി കളിതുടരും. എന്നാൽ മഹാഭൂരിഭാഗം പേരും ജയിക്കില്ലെന്ന് യുവാവ് പറയുന്നു. രാജ്യം തന്നെ നേരിടുന്ന ഒരു വെല്ലുവിളിയായി മാറുകയാണ് വിദേശ സംഘങ്ങളുടെ തട്ടിപ്പ്. സാമ്പത്തിക വ്യവസ്ഥയെ പോലും അട്ടിമറിക്കുന്ന രീതിയിലാണ് തട്ടിപ്പുകൾ. ഇന്റർപോൾ ഉൾപ്പെടുന്ന ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് ഇത്തരം കമ്പനികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്.
Source link