കാസർകോട്: മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ ഏഴാംമൈൽ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്‌ദുൾ റഷീദ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. രാത്രി പെയ്‌ത ശക്തമായ മഴയിൽ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. വെള്ളമൊഴുകുമ്പോഴും പാലത്തിന്റെ ആകൃതി തെളിഞ്ഞ് കണ്ടതിനാൽ വാഹനം മുമ്പോട്ട് എടുക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പരിചയമില്ലാത്ത വഴിയായതിനാൽ ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ സഞ്ചരിച്ചിരുന്നത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ പാലത്തിൽ നിന്ന് തെന്നിനീങ്ങി പുഴയിൽ പതിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടയുടൻ യാത്രക്കാരിലൊരാൾ കാറിനകത്ത് നിന്ന് തന്നെ കുറ്റിക്കോൽ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇതിനിടയിൽ ശക്തമായ ഒഴുക്കിൽ കാർ നീങ്ങിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തിൽ പിടിച്ച് നിൽക്കുകയും ചെയ്‌തു.
പുഴയുടെ ഇരുകരയും സംരക്ഷിത വനമേഖലയാണ്. അഗ്നിരക്ഷാസേനയുടെ വാഹനത്തിന്റെ സൈറൺ കേട്ടാണ് പ്രദേശവാസികൾ വിവരമറിയുന്നത്. സേനയെത്തുമ്പോൾ പുഴയ്ക്ക് നടുവിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന അംഗങ്ങൾ അതിസാഹസികമായാണ് ഇരുവരെയും രക്ഷിച്ചത്. അപ്പോഴേക്കും കാർ നൂറ് മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാൽ മലയോര ഹൈവേയിൽ നിർമാണം തടസപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്.
Source link