KERALAMLATEST NEWS

മേയർ – കെഎസ്ആർടിസി ഡ്രെെവർ തർക്കം; ജോലിയിൽ തിരിച്ചെടുക്കണമെന്ന് യദു

തിരുവനന്തപുരം: ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രെെവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. മേയറിന്റെ പരാതിയ്ക്ക് പിന്നാലെ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രെെവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രെെവ‌ർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ച് യദുവും പൊലീസിൽ പരാതി നൽകിയിരുന്നു. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും മേയർക്കെതിരെ ചുമത്തണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. ഇതിൽ മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്‌ക്കും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.


Source link

Related Articles

Back to top button