കൊച്ചിയിലെ യുവാക്കൾ സ്ഥിരം കസ്‌റ്റമേഴ്‌സ്, അര കോടിയുടെ മാരക ലഹരിയുമായി വന്നത് ബംഗളൂരു സ്വദേശിനി സർമീൻ അക്തർ
ആലുവ: അരക്കോടിയിലേറെരൂപ വിലയുള്ള ഒരുകിലോ എം.ഡി.എം.എയുമായി ആലുവയിൽ യുവതി പൊലീസ് പിടിയിലായി. ബംഗളൂരു മുനേശ്വരനഗറിൽ സർമീൻ അക്തറിനെയാണ് (26) ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചാണ് ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വില്പന. എം.ഡി.എം.എ ഇവിടെ കൈമാറിയശേഷം അടുത്തദിവസം ട്രെയിനിൽ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരംമയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. അനിൽ, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കോഴിക്കോട് രണ്ടുകോടി വില വരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയും പിടിയിലായി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി കുമളിയിൽ നിന്ന് വെള്ളയിൽ ഇൻസ്‌പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. പൊലീസ് പരിശോധനക്ക് വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി .എം. എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും പിടിച്ചെടുത്തു.
Source link