കൊച്ചി: ലഹരിക്കേസിൽ എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായ ബംഗളൂരു മുനേശ്വർ സ്വദേശിനി സർമീൻ അക്തറിന്(26) ഒരു കിലോഗ്രാം എം.ഡി.എം.എ കൊടുത്തുവിട്ടത് മലയാളിയായ ലിവിംഗ് ടുഗെദർ പങ്കാളി. ബംഗളൂരുവിൽ താമസിക്കുന്ന ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന മുഖ്യഇടപാടുകാരിൽ ഒരാളാണ്. ഇയാളടങ്ങുന്ന നാലുപേരാണ് കടത്തിന് പിന്നിൽ. സർമീനാണ് ലഹരിമരുന്ന് കൊച്ചിയിലെ സംഘാംഗങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിന്റെ ചുമതല. ഓരോ കടത്തിനും ഇവർക്ക് നല്ലൊരു തുക ലഭിച്ചിട്ടുണ്ട്.
ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി ട്രെയിൻ മാർഗം ഡൽഹിയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരുംവഴിയാണ് സർമീൻ ആലുവ റൂറൽ പൊലീസിന്റെ വലയിലായത്. പ്രഷർ കുക്കർ, നാപ്കിൻ, ഇലക്ട്രിക്കൽ ഉപകരങ്ങൾ എന്നിവയിലെല്ലാം ഒളിപ്പിച്ച് ഇവർ എം.ഡി.എം.എ കടത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് വരുന്നതെന്നാണ് മൊഴി. ഈ മൊഴി കളവെന്ന് വ്യക്തമായിട്ടുണ്ട്.
കൊച്ചിയിലെത്തി ഇടപാട് പൂർത്തിയാക്കി, പിറ്റേന്ന് തിരിച്ചുപോകുന്നതായിരുന്നു സർമീനിന്റെ രീതി. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി റൂറൽ എസ്.പി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സർമീൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നാണ് വിവരം. ലഹരി കടത്ത് സംശയിച്ച് ഇവരെ ഇതിന് മുമ്പ് രണ്ട് തവണ എൻ.സി.ബി ചോദ്യം ചെയ്തിരുന്നതായും സൂചനയുണ്ട്. അര കോടിയിലേറെ വില മതിക്കുന്ന ലഹരിയാണ് പിടികൂടിയത്.
ആദ്യം പിടിയിലായത് 2022
2022ൽ എം.ഡി.എം.എയുമായി സർമീൻ അക്തർ കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കുസാറ്റ് ജംഗ്ഷനിൽ പുലർച്ചെ നാലോടെ എം.ഡി.എം.എ വിൽക്കാനായി നിൽക്കുമ്പോഴാണ് കളമശേരി പൊലീസിന്റെ പിടിവീണത്. 0.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസിലെ പ്രതിയായ സർമീൻ അക്തറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എം.ഡി.എം.എ ഉപയോഗിക്കാൻ കൈവശം വച്ചതെന്നായിരുന്നു അന്നത്തെ മൊഴി.
കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ചിലവിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്താനാവില്ല
എ. പ്രസാദ്,ആലുവ ഡിവൈ.എസ്.പി
Source link