മൂന്നു ദിവസം കൂടി ശക്തമായ മഴ, മതിലിടിഞ്ഞ് വിദ്യാർത്ഥി മരിച്ചു, പലയിടത്തും നാശനഷ്ടം
തിരുവനന്തപുരം: മഹാരാഷ്ട്ര മുതൽ കേരളംവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വീടുകളിലേക്കടക്കം വെള്ളം കയറിയും മരങ്ങൾ വീണും പലയിടത്തും നാശനഷ്ടമുണ്ടായി. കടലാക്രമണവും രൂക്ഷമാണ്. മൂന്നുദിവസംകൂടി ശക്തമായ മഴ തുടരും. ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. കോട്ടയം കിടങ്ങൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.
ആലപ്പുഴ ആറാട്ടുവഴിയിൽ മതിലിടിഞ്ഞ് വീണ് അന്തേക്ക് പറമ്പിൽ അലി അക്ബറുടെ മകൻ
ഒൻപതാം ക്ളാസ് വിദ്യാർത്ഥി അൽ ഫയാസ് (14) മരിച്ചു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സമീപത്തെ വീട്ടിലെ മതിലിടിഞ്ഞ് കുട്ടിയുടെ മേൽ വീഴുകയായിരുന്നു.
മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ജില്ലകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആറ് ജില്ലകളിൽ അവധി
ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും ആലപ്പുഴ ചേർത്തല താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
മുന്നറിയിപ്പ് ഇന്ന്
കണ്ണൂർ,വയനാട് ഒാറഞ്ച് അലർട്ട്
എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി,
മലപ്പുറം, കോഴിക്കോട്,കാസർകോട് യെല്ലോ അലർട്ട്
ജില്ലകൾക്ക് ഒരുകോടി
മൂന്നു ദിവസം റവന്യു ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് മന്ത്രി കെ.രാജൻ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണം.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒരുകോടി വീതം ജില്ലകൾക്ക് കൈമാറി.
Source link