ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് യാത്രക്കാരന് ദാരുണാന്ത്യം
പൊന്നാനി: യാത്രയ്‌ക്കിടെ ട്രെയിനിന്റെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് യാത്രക്കാരന് ദാരുണാന്ത്യം. പൊന്നാനി, മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്കൽ അലിഖാനാണ് (62) മരിച്ചത്. മില്ലേനിയം എക്സ്‌പ്രസിൽ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 16ന് വൈകിട്ട് 5.15ന് തെലുങ്കാനയിലെ വാറങ്കലിലായിരുന്നു അപകടം.
സംഭവസമയത്ത് താഴെയുള്ള ബെർത്തിൽ ചെരിഞ്ഞ് കിടക്കുകയായിരുന്നു അലിഖാൻ. മദ്ധ്യത്തിലെ ബെർത്തും യാത്രക്കാരനും അലിഖാന്റെ പുറത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് അലിഖാന്റെ കഴുത്തിലെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതമേൽക്കുകയും ചെയ്തു. കൈകളും കാലുകളും തളർന്നു.
തുടർന്ന് അധികൃതർ വാറങ്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ കിംഗ്സ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രി 11ന് മരിച്ചു. ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ ഖബറടക്കി. ദീർഘനാൾ പ്രവാസിയായിരുന്ന അലിഖാൻ പൊന്നാനിയിൽ ഫാർമസിസ്റ്റാണ്. സുഹൃത്തായ മുഹമ്മദ് കുട്ടിക്കൊപ്പം അദ്ദേഹത്തിന്റെ മകളേയും മരുമകളേയും നാട്ടിലേക്ക് കൊണ്ടുവരാൻ ലുധിയാനയിലേക്ക് പോവുകയായിരുന്നു. 15ന് രാത്രി 8.15നാണ് തൃശൂരിൽ നിന്ന് ട്രെയിൻ കയറിയത്. 25ന് മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. വിവാഹമോചിതനാണ്. ഷസ ഏകമകളാണ്.
ബെർത്ത് പൊട്ടിയിട്ടില്ലെന്ന് റെയിൽവേ
ബെർത്ത് പൊട്ടിയല്ല അലിഖാൻ മരിച്ചതെന്നും ചങ്ങലയുടെ കൊളുത്ത് ശരിയായി ഇടാത്തതാണ് അപകട കാരണമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. ബെർത്തും കോച്ചും വിശദമായി പരിശോധിച്ചെന്നും റെയിൽവേ വ്യക്തമാക്കി.
Source link