KERALAMLATEST NEWS

കേരള കൗമുദി റിപ്പോർട്ട് സഭയിൽ വിലക്കയറ്റം: ആശ്വാസ നടപടിക്ക് സർക്കാർ

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ,​നടപടിയെടുക്കുമെന്ന് നിയമസഭയിൽ സർക്കാരിന്റെ ഉറപ്പ്.

സപ്ലൈകോയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇടനിലക്കാരെ ഒഴിവാക്കി മൊബൈൽ യൂണിറ്റുകളിലൂടെ പച്ചക്കറി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി. പ്രസാദും വ്യക്തമാക്കി.

അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ കേരളകൗമുദി വാർത്ത ഉയർത്തിക്കാട്ടിയാണ് സർക്കാരിനെ ആക്രമിച്ചത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളുൾപ്പെടെ സപ്ലൈകോയ്ക്ക് നൽകാനുള്ളത് 3500 കോടി രൂപ, സബ്സിഡി – വിപണി ഇടപെടലിന് സംസ്ഥാനം നൽകേണ്ടത് 1475 കോടി രൂപ, നെല്ലു സംഭരണത്തിന് കേന്ദ്രം നൽകേണ്ടത് 1079 കോടി… ചേട്ടൻ ബാവയും കൊള്ളാം, അനിയൻ ബാവയും കൊള്ളാം സാർ. സ്‌കൂൾ ഉച്ചഭക്ഷണത്തിന് അരി നൽകിയതിലെ കുടിശ്ശിക150 കോടിയാണ്. ഹെലികോപ്ടറിനു കൊടുക്കുന്ന വാടകയെങ്കിലും സ്കൂൾ ഉച്ചഭക്ഷണത്തിന് കൊടുക്കണം സാർ…” റോജി വിമർശിച്ചു.

മറുപടി നൽകിയ ജി.ആർ. അനിലും ‘കേരളകൗമുദി” ഉദ്ധരിച്ചാണ് തിരിച്ചടിച്ചത്. ‘കേരളകൗമുദി ഞാനും വായിച്ചു. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് കൂടിയതുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് അതിലെഴുതിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു”- മന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

‘കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില കിട്ടുന്നതിനോടൊപ്പം വിലകുറച്ച് പച്ചക്കറി നൽകാനുള്ള നടപടികൾ സ്വീകരിക്കും

-പി. പ്രസാദ്,

കൃഷിമന്ത്രി

‘സബ്സിഡി ഇനങ്ങൾ വിതരണം ചെയ്താൽ വില നിയന്ത്രിക്കാം. അൻപതാംവർഷത്തിൽ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് സർക്കാർ അറിയപ്പെടും.”

വി.ഡി.സതീശൻ,

പ്രതിപക്ഷ നേതാവ്

കാരണം കേന്ദ്രം:

ജി.ആർ. അനിൽ

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളാണ് വില വർദ്ധനവിന് കാരണമെന്ന് മന്ത്രി ജി.ആർ.അനിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. ഉത്പാദന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വില വർദ്ധനത്തോത് കുറവാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാന സമിതിയും ജില്ലാകളക്ട‌ർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ സമിതികളും വിപണിവില വിലയിരുത്തി നടപടി സ്വീകരിക്കുന്നുണ്ട്. 24ന് കൃഷിമന്ത്രിയുടെ അദ്ധ്യക്ഷതയിലും യോഗം കൂടി. 41 രൂപയ്ക്ക് അരിവാങ്ങിയാണ് 30 രൂപയ്ക്ക് സിവിൽസപ്ലൈസ് വഴി വിൽക്കുന്നത്.

സപ്ളൈ ഇല്ലാത്ത

സപ്ളൈകോ: റോജി

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ സർക്കാർ മാത്രം അതറിയുന്നില്ലെന്ന് റോജി എം.ജോൺ പറഞ്ഞു. സപ്ലൈയില്ലാത്തതായി സപ്ലൈകോ മാറി. 50 രൂപയ്ക്കുള്ള പച്ചക്കറി കിറ്റിനിപ്പോൾ 100 രൂപയാണ് വില. മട്ട അരി 64 ആയി. കാലീത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കു വരെ വിലകൂടി. ദേശീയതലത്തിൽ ചില്ലറവില്പന വില കുറയുമ്പോഴും കേരളത്തിൽ കൂടുകയാണ്.


Source link

Related Articles

Back to top button