ഗോളില്ലാ ഇംഗ്ലീഷ് കാലം…

യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിൽ കിരീട സാധ്യതയിൽ ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ട ടീമാണ് ഇംഗ്ലണ്ട്. ജൂഡ് ബെല്ലിങ്ഗം, ഫിൽ ഫോഡൻ, ഹാരി കെയ്ൻ, ബുകായൊ സാക്ക എന്നിങ്ങനെ നീളുന്നു ഇംഗ്ലണ്ടിന്റെ താര സന്പത്ത്. യൂറോ 2024ന് എത്തിയ ടീമുകളിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള കളിക്കാരാണ് ഇംഗ്ലണ്ടിന്റെ സംഘത്തിലുണ്ടായിരുന്നത്. എന്നാൽ, ഗ്രൂപ്പ് സിയിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ ഇംഗ്ലണ്ട് ആരാധകരെ വെറുപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നേടിയത് രണ്ട് ഗോൾ, ഒരു ഗോൾ വഴങ്ങുകയും ചെയ്തു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്ലോവേനിയയുമായി ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്. അതോടെ മുഖ്യപരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനെതിരേ ആരാധകർ ബിയർ ഗ്ലാസ് എറിയുകപോലും ചെയ്തു. ഗോളില്ലാ ഗ്രൂപ്പ് യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ഗോൾ പിറന്ന ഗ്രൂപ്പ് എന്ന നാണക്കേടിലും ഇംഗ്ലണ്ട് പങ്കാളികളായി. ഇംഗ്ലണ്ട്, ഡെന്മാർക്ക്, സ്ലോവേനിയ, സെർബിയ ടീമുകൾ ഒന്നിച്ച ഗ്രൂപ്പ് സിയിൽ ആകെ പിറന്നത് ഏഴു ഗോൾ മാത്രം. 2016 യൂറോയിൽ ജർമനി, പോളണ്ട്, നോർത്തേണ്‍ അയർലൻഡ്, യുക്രെയ്ൻ ടീമുകൾ ഒന്നിച്ച ഗ്രൂപ്പിനായിരുന്നു ഇതിനു മുന്‍പ് (ഏഴ് ഗോൾ) ഏറ്റവും കുറവ് ഗോൾ പിറന്നതിന്റെ റിക്കാർഡ്.
Source link