അസാൻജ് സ്വതന്ത്രനായി ഓസ്ട്രേലിയയിൽ കാലുകുത്തി
കാൻബറ: അമേരിക്കൻ കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് സ്വദേശമായ ഓസ്ട്രേലിയയിൽ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കാൻബറയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാൻജ് ആലിംഗനം ചെയ്തു. വിക്കിലീക്സ് സ്ഥാപകനായ അസാൻജ് അമേരിക്കൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ചയാണു ലണ്ടനിലെ ബെൽമാർഷ് ജയിലിൽനിന്നു മോചിതനായത്. ധാരണപ്രകാരം ഇന്നലെ അദ്ദേഹം ഓസ്ട്രേലിയയോടു ചേർന്ന അമേരിക്കൻ പ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ ഫെഡറൽ കോടതിയിൽ ഹാജരായി. വിക്കിലീക്സിലൂടെ അമേരിക്കൻ പ്രതിരോധരഹസ്യങ്ങൾ ചോർത്തിയതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു. അതേസമയം, ചുമത്തപ്പെട്ട 18 കുറ്റങ്ങളിൽ ഒന്നിൽ മാത്രമാണു കുറ്റസമ്മതം നടത്തിയത്. ബ്രിട്ടീഷ് ജയിലിലെ തടവുകാലം പരിഗണിച്ച് അമേരിക്കൻ കോടതി അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു. അമേരിക്കയിൽ പോകാൻ താത്പര്യമില്ലാത്തതും ഓസ്ട്രേലിയയ്ക്ക് അടുത്താണെന്നതും പരിഗണിച്ചാണ് അസാൻജ് ഈ കോടതിയിൽ ഹാജരായത്. അസാൻജിന്റെ മോചനത്തിൽ അമേരിക്കയ്ക്കും ബ്രിട്ടനും നന്ദി അറിയിക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. അതേസമയം, അമേരിക്കൻ സേന ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവന്ന അസാൻജിനെ ചൈനീസ് സർക്കാരിനെപ്പോലെയാണു വേട്ടയാടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഗ്രെഗ് ബേൺസ് ആരോപിച്ചു.
Source link