ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കമില്ലാതെ വിതരണം ചെയ്യും, കെഎസ്ആർടിസിക്ക്  20 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സ‍ർക്കാർ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു. ഈ മാസം ആദ്യത്തിലും സർക്കാർ 30 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയിരുന്നു.

നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെഎസ്ആർടിസിയ്ക്ക് സഹായമായി നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. അതേസമയം കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.

ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനം വരെയാണ് ഇളവ്. കാർ ഡ്രൈവിംഗ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിംഗ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതിനും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.


Source link

Exit mobile version