കാളികാവ്: സ്വഭാവിക വനത്തെ നശിപ്പിക്കുന്ന തോട്ടപ്പയറുകൾ പടരുന്നു. റബർ തോട്ടങ്ങളുടെ സംരക്ഷണത്തിന് ചെയ്തിരുന്ന തോട്ടപ്പയർ കൃഷി പ്രകൃതിക്ക് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണിപ്പോൾ. മ്യുകൂണ വർഗ്ഗത്തിൽ പെട്ട തോട്ടപ്പയറാണ് മലയോരങ്ങളിൽ പടരുന്നത് . തൃശൂർ പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തോട്ടപ്പയർ ഇനങ്ങളെ കേരളത്തിലെ പത്ത് അപകടകാരികളായ അധിനിവേശ സസ്യങ്ങളുടെ ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. ഏത് കടുത്ത ചൂടിലും നന്നായി വളരുന്ന ഇവ വേനൽക്കാലത്ത് ഉണങ്ങില്ല. സസ്യത്തിലെ ഫനോളിന്റെ ഉയർന്ന സാന്നിദ്ധ്യം കാരണം കന്നുകാലികൾ പോലും ഇവ ഭക്ഷിക്കാറില്ല.
കൃഷിഭൂമിയിലെ തോട്ടപ്പയർ വ്യാപനം കർഷകർ നശിപ്പിക്കും. കാട്ടിലെ വ്യാപനം തടയാൻ ആരുമില്ലത്താതിനാൽ പടർന്ന് പന്തലിക്കുകയാണ്. വൻമരത്തിൽ വള്ളി പടർന്നു കയറിയാൽ രണ്ടു വർഷം കൊണ്ട് ആ മരം നശിക്കും. വ്യാപിച്ച പ്രദേശത്തെ മറ്റു മരങ്ങളെല്ലാം നശിച്ച് തോട്ടപ്പയർ മാത്രം ബാക്കിയാകുന്ന അവസ്ഥയാണുള്ളത്. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന പുല്ലുവർഗങ്ങൾ, കമ്മ്യൂണിസ്റ്റ് പച്ച, കുറുന്തോട്ടി, താള് തുടങ്ങിയവ തോട്ടപ്പയറിന്റെ വളർച്ചയെ തുടർന്നാണ് അപ്രത്യക്ഷമായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിത്തുകൾ വഴിയും വേരുപടലങ്ങൾ വഴിയും പ്രജനനം സാദ്ധ്യമായ ഈ സസ്യം ആലപ്പുഴ, കോഴിക്കോട്, ഇടുക്കി, കൊല്ലം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് കൂടുതലുള്ളത്. തോട്ടപ്പയർ വള്ളികൾക്കെതിരെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനം നടത്തിയില്ലെങ്കിൽ വനമേഖലയെ പ്രതികൂലമായി ബാധിക്കും. താമരശേരി ചുരത്തിന്റെ അടിവാരത്ത് വലിയ തോതിൽ ഇവ വ്യാപിച്ചിട്ടുണ്ട്.
റബറിന്റെ സംരക്ഷകൻ
തോട്ടപ്പയറിന് റബർ കർഷകർക്കിടയിൽ നല്ല പ്രചാരമുണ്ട്. കൃഷി ഭൂമിയിൽ നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും കളകളുടെ വളർച്ച തടയാനുമാണ് തോട്ടപ്പയറുകൾ ഉപയോഗിച്ചിരുന്നത്. പ്രളയത്തിലുണ്ടായ മലയിടിച്ചിലിന്റെയും ഒഴുക്കിന്റെയും ഭാഗമായി സംരക്ഷിത വനമേഖലകളിലേക്കും തോട്ടപ്പയർ വ്യാപിക്കാൻ കാരണമായി.തോട്ടപ്പയറിന്റെ വളർച്ച വളരെ വേഗത്തിലാണ്. ദിവസവും 10 മുതൽ 15 സെന്റീ മീറ്റർ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ത്രിപുരയിൽ നിന്നാണ് തോട്ടപ്പയർ കേരളത്തിലെത്തിയതെന്ന് വന ഗവേഷകർ പറയുന്നു.
തോട്ടപ്പയർ വനമേഖലയിലേക്ക് വ്യാപിച്ചത് മറ്റ് സസ്യങ്ങളുടെ നിലനിൽപ്പിന് വൻഭീഷണിയാണ്
കെ.എഫ്.ആർ.ഐ
Source link