കോട്ടയത്ത് ആകാശപാത നിർമിക്കാനാകില്ല, ഭാവിയിൽ പൊളിക്കേണ്ടി വരുമെന്ന് കെ ബി ഗണേശ് കുമാർ
തിരുവനന്തപുരം: കോട്ടയത്തെ ആകാശപാത നിർമാണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. നിർമാണം പൂർത്തീകരിക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന കലാകാരൻ എംഎൽഎയോടുള്ള ബന്ധത്തിനുപുറത്ത് നിർമിച്ച ശിൽപമാണെന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രിയായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഇതൊരു സ്കൈവാക്ക് ആണെന്ന് മനസിലായത്. പദ്ധതിക്ക് സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് അന്നത്തെ കളക്ടർ റിപ്പോർട്ട് നൽകിയത്. സൗജന്യമായി ഭൂമി വിട്ടുനൽകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാലിപ്പോൾ അതല്ല സ്ഥിതി. കോർപ്പറേഷന്റെ സ്ഥലം മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കിൽ കോടിക്കണക്കിന് രൂപ വരും. പള്ളിയ്ക്കും കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പിനും സ്ഥലമുണ്ട്. പണം നൽകി സ്ഥലം ഏറ്റെടുക്കാൻ റോഡ് സേഫ്റ്റിക്ക് അധികാരമില്ല.
സ്കൈവാക്ക് ഘടനയിൽ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐഐടിയുടെ റിപ്പോർട്ട്. നിർദിഷ്ട സ്കൈവാക്കിന്റെ അപര്യാപ്തമായ സ്ട്രക്ചർ ശക്തിപ്പെടുത്താനുളള സാദ്ധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷൻ അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്കൈവാക്കിന് സ്റ്റെയർകേസിനൊപ്പം ലിഫ്റ്റും വേണമെന്നാണ് നാറ്റ്പാക്ക് പറയുന്നത്. ആറ് ലിഫ്റ്റും മൂന്ന് സ്റ്റെയർകേസും ഉൾപ്പെടെ പദ്ധതിച്ചെലവ് 17.80 കോടി രൂപ വേണ്ടി വരും.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനാവില്ലെന്നാണ് അവസാനമായി നൽകിയ റിപ്പോർട്ടിൽ കളക്ടർ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ പദ്ധതി പൂർത്തികരിച്ചാൽ പിന്നീട് ജില്ലയുടെ തുടർവികസനത്തിന്റെ ഭാഗമായി നിർമാണം പൊളിച്ചുകളയേണ്ടി വരും. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്. 17 കോടി ചെലവാക്കി സ്കൈവാക്ക് നിർമിക്കാമെന്ന് വിചാരിച്ചാലും പൊളിക്കേണ്ടി വരും’- ഗണേശ് കുമാർ പറഞ്ഞു.
Source link