ക്യാമ്പസുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ (സെന്റർ ഫോർ സ്‌കിൽ ഡെവലപ്പ്മെന്റ് കോഴ്സസ് ആൻഡ് കരിയർ) ആരംഭിക്കാൻ അനുമതിയായതായി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. പ്രൊഫഷണൽ നൈപുണ്യ ഏജൻസികളുമായി സഹകരിച്ച് നൈപുണ്യ വികസന കോഴ്‌സുകളും കരിയർ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്‌ത രീതിയിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങൾ.
ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന നാലുസവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തയാറാക്കിയ ഹയർ എഡ്യുക്കേഷൻ കരിക്കുലം ഫ്രെയിംവർക്കിൽ സ്‌കിൽ എഡ്യുക്കേഷനും വൊക്കേഷണൽ എഡ്യുക്കേഷനും ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദ്യാർത്ഥികളും ഫൗണ്ടേഷൻ കോഴ്‌സുകളുടെ ഭാഗമായി സ്‌കിൽ കോഴ്‌സുകൾ നിർബന്ധമായും പൂർത്തിയാക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വിടവ് നികത്താൻ വ്യവസായ സംബന്ധിയായ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു.
നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായ പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസികളെ നിർദ്ദേശിക്കാനും അവയെ സർക്കാർ അനുമതിയോടെ എംപാനൽ ചെയ്യാനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. ‘അസാപ് കേരളയെയാണ്’ പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസിയായി എംപാനൽ ചെയ്യുന്നത്. നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള യു.ജി.സി മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കാനും കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
Source link