‘ഡാ ഞാൻ അനുവിനെ കൂട്ടിക്കൊണ്ടുവന്നു! ഇങ്ങനെയൊരു ഫോൺകോളായിരുന്നു എനിക്ക് ധർമജന്റെ വിവാഹം’

സ്‌ക്രീനിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചവരാണ് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. വർഷങ്ങളായി സുഹൃത്തുക്കളായ ഇരുവരും എവിടെ ഒന്നിച്ചെത്തിയാലും അവിടം ചിരികൊണ്ട് നിറയ്‌ക്കും. ഇവർ ഒരുമിച്ച് പങ്കെടുത്ത പല അഭിമുഖങ്ങളും മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസമാണ് ധർമജനും ഭാര്യയും വീണ്ടും വിവാഹിതരായത്. മക്കളെ സാക്ഷിയാക്കി ധർമജൻ ഭാര്യയ്‌ക്ക് താലി ചാർത്തുമ്പോൾ അതിന് പൂർണ പിന്തുണയുമായി രമേഷ് പിഷാരടിയും ഉണ്ടായിരുന്നു. ഇപ്പോഴിതാ സുഹൃത്തിന് ആശംസകൾ നേർന്നുകൊണ്ട് പിഷാരടി പങ്കുവച്ച ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു ” ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം… കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ. ഗംഭീരമായി…അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്…
അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് ‘, പിഷാരടി കുറിച്ചു.
വിവാഹം നേരത്തേ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് ധർമജൻ വീണ്ടും നിയമപ്രകാരം ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്‌തിരുന്നില്ലെന്ന് താരം വിവാഹശേഷം പ്രതികരിച്ചിരുന്നു.
Source link