സുവർണജൂബിലി ആഘോഷത്തിന് തുടക്കം, സപ്ലൈകോ നിത്യജീവിതത്തിന്റെ ഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: അരനൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ സപ്ലൈകോയ്ക്കു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോയുടെ അൻപതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധനങ്ങൾ ഏറ്റവും വിലകുറച്ചു കിട്ടുന്നത് എവിടെയെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റ ഉത്തരം മാത്രമേയുള്ളൂവെന്നും അത് സപ്ലൈകോയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ കേരളത്തിനു പ്രിയപ്പെട്ടതായി മാറിയതു സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. 50-ാം വർഷികം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50-50 പദ്ധതിയുടെ ഉദ്ഘാടനവും സപ്ലൈകോ പുറത്തിറക്കുന്ന കോർപ്പറേറ്റ് വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇന്നലെ മുതൽ 50 ദിവസത്തേക്ക് ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ഇനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50-50 പദ്ധതി. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി ശബരി ബ്രാൻഡിൽ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് ഉൾപ്പെടെയുള്ള പതിനൊന്ന് പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
50 ദിവസത്തേക്ക് നോൺ സബ്സിഡി സാധനങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ളാഷ് സെയിൽ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുമണി വരെയായിരിക്കും വിലക്കുറവ്. എല്ലാ ജില്ലകളിലും ഒരു സൂപ്പർമാർക്കറ്റ് വീതം ആധുനിക രീതിയിൽ നവീകരിച്ച് ‘സിഗ്നേച്ചർ മാർട്ട് ” എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം, ഫുഡ് ഫോർ തോട്ട് എന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനം എന്നിവയും നടന്നു. മേയർ എസ്. ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. സജിത് ബാബു, സപ്ലൈകോ ചെയർമാനും എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ മേഖലാ മാനേജർ ജ്യോതിലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Source link