മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ എം.ജി കോളനിയിൽ കുമാറിന്റെ ഭാര്യ മാല കുമാറാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കോളനിയിലെ മുസ്ലിം പള്ളിക്ക് പിറകിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞത്. മാല അടുക്കള ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൂന്നാർ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗവും നാട്ടുകാരും ചേർന്ന് അരമണിക്കൂറോളമെടുത്താണ് മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന വീട്ടമ്മയെ പുറത്തെടുത്തത്. ഉടൻ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ മാല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദേവികുളം എസ്.സി-എസ്.ടി ഓഫീസിലെ ക്ലർക്കായ കുമാർ ജോലി സ്ഥലത്തായിരുന്നു. ശ്രീനിധി,ശ്രീഹരി,ശ്രീറാം എന്നിവർ മക്കളാണ്. ശ്രീനിധിയും ശ്രീറാമും കുളമാവ് നവോദയ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ശ്രീഹരി ട്യൂഷന് പോയി തിരികെ വീടിനടുത്തെത്തിയപ്പോഴായിരുന്നു അപകടം. ശ്രീറാമാണ് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ താത്കാലിക ക്യാമ്പിലേക്ക് മാറ്റി.
Source link