തിരുനെൽവേലി: പശു ഇടിച്ചിട്ട ബൈക്കിലെ യാത്രക്കാരൻ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരനായ വേലായുധരാജ് എന്നയാളാണ് മരിച്ചത്. അപകടത്തിൽ ഇയാൾ തൽക്ഷണം മരിക്കുകയായിരുന്നു. തിരക്കേറിയ റോഡിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡുവക്കിൽ അലഞ്ഞുതിരിയുകയായിരുന്ന രണ്ട് പശുക്കൾ തമ്മിൽ പോരടിച്ചു. ഇതിലൊരു പശുവാണ് റോഡിലേക്കിറങ്ങി ബൈക്കിൽ പോവുകയായിരുന്ന വേലായുധരാജിനെ കുത്തിമറിച്ചിട്ടത്. എതിർദിശയിലേക്ക് പോവുകയായിരുന്ന ബസിനടിയിലേക്കാണ് ഇയാൾ വീണത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വേലായുധരാജ് തൽക്ഷണം മരിച്ചു. ഡ്രൈവറും ദൃക്‌സാക്ഷികളും ഓടിയെത്തി വേലായുധരാജിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ചെന്നൈയ്ക്ക് സമീപത്തും പശു കാരണമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. വണ്ടലൂർ-മിഞ്ചൂർ ഔട്ടർ റിംഗ് റോഡിൽ അലഞ്ഞിരുന്ന പശുവിന്റെ ശരീരത്തിൽ ബൈക്ക് ഇടിച്ചതിനെതുടർന്ന് പൂനമല്ലി തിരുവേങ്കടം നഗർ സ്വദേശി മോഹൻ (45) ആണ് മരിച്ചത്. ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇയാൾ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പശു റോഡിന് കുറകെ ചാടുന്നതുകണ്ട് നിയന്ത്രണം വിട്ട് ബൈക്ക് പശുവിനെ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ഇടയാക്കിയത് തങ്ങളുടെ വീഴ്ചയാണെന്ന് കണ്ട് സ്വയം കേസെടുത്ത ആവഡി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടരുകയാണ്.
Source link