ജിജോ സെബാസ്റ്റ്യൻ
കൊച്ചി: ദേശീയപാത 66ൽ കുണ്ടന്നൂരിന് സമീപം മാടവന ജംഗ്ഷനിലെ സിഗ്നൽപോസ്റ്റിൽ ഇടിച്ചുമറിഞ്ഞ അന്തർസംസ്ഥാന സർവീസ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം ജയലക്ഷ്മി സിൽക്‌സിൽ അക്കൗണ്ടന്റായ ഇടുക്കി വാഗമൺ കൊട്ടമല മണിയാമ്പറമ്പിൽ വീട്ടിൽ ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. ബസിന്റെ ചില്ലുകൾ തകർത്ത് യാത്രക്കാരെ പുറത്തിറക്കിയശേഷം ക്രെയിനെത്തിച്ച് ബസ് ഉയർത്തിയാണ് ജിജോയെ പുറത്തെടുത്തത്. ഇരുപതു മിനിട്ടിലധികം ബസിനടിയിൽ കടുങ്ങിയ ജിജോയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കല്ലട ട്രാൻസ്പോർട്ടിന്റെ ബസാണ് ഇന്നലെ രാവിലെ പത്തിന് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തമിഴ്‌നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിയെ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കും 11 ബസ് യാത്രികർക്കും അപകടത്തിൽ നിസാര പരിക്കേറ്റു. ഇവരെല്ലാം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോട്ടോർവാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
മഞ്ഞ സിഗ്നൽ തെളിഞ്ഞെങ്കിലും ജംഗ്ഷൻ കടന്നുപോകാൻ ബസ് ഡ്രൈവർ വേഗം കൂട്ടിയതാണ് അപകട കാരണം. പെട്ടെന്ന് ചുവപ്പ് സിഗ്നൽ വീണതോടെ സഡൻ ബ്രേക്കിട്ട ബസ് നിയന്ത്രണംവിട്ട് മീഡിയനിൽ തട്ടിയശേഷം സിഗ്നൽപോസ്റ്റിൽ ഇടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. ഇടതുവശത്തുകൂടി ബൈക്കിൽ ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്ന ജിജോ അടിയിൽപ്പെട്ടുപോയി.
കൊല്ലം സ്വദേശികളായ അഞ്ജലി (44),ലിസ (42),അങ്കിത (15),ആലപ്പുഴ സ്വദേശികളായ ഏലിയാസ് (39),അനന്തു (27),അശ്വിൻ (18),രവികുമാർ (34),പത്തനംതിട്ട സ്വദേശി സുധാമണി (56),കണ്ണൂർ സ്വദേശി ആര്യ (24),ഉത്തരേന്ത്യൻ സ്വദേശി ശോഭ (52),മാവേലിക്കര സ്വദേശി ചന്ദ്രൻ പിള്ള (60) എന്നിവർക്കാണ് പരിക്കേറ്റത്.
ഡ്രൈവറും രണ്ട് ക്ലീനറും യാത്രക്കാരുമായി 34 പേരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട ബസിൽ എം.വി.ഡി ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. അമിതവേഗത്തിലെത്തി സഡൻ ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. ജിജോയും ഭാര്യ റിയയും എറണാകുളത്തെ റിയയുടെ വീട്ടിലാണ് താമസം. ഭാര്യയും ഒന്നര വയസുളള മകളും വയലാറിലെ റിയയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. ജിജോ അവിടേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വാഗമണ്ണിലേക്ക് കൊണ്ടുപോകും. സംസ്കാരം ഇന്ന് നടത്തും.
”ശബ്ദം കേട്ടു നോക്കുമ്പോൾ ബസ് ഉയർന്നുപൊങ്ങിയശേഷം റോഡിലേക്ക് മറിയുന്നതാണ് കണ്ടത്. ജംഗ്ഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെ ഓടിയെത്തി യാത്രക്കാരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇതുവഴിവന്ന വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റി,”” ഗുഡ്സ് വാഹന ഡ്രൈവറും പനങ്ങാട് സ്വദേശിയുമായ ബഷീർ പറഞ്ഞു.
Source link