വിമത കന്യാസ്ത്രീമാരെ പുറത്താക്കി സ്പെയിനിലെ കത്തോലിക്കാ സഭ
മാഡ്രിഡ്: ഔദ്യോഗിക നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് വിമത സന്യാസിനിമാരെ കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കി സ്പെയിനിലെ സഭ. പുവർ ക്ലെയർ സന്യാസിനീ സഭയുടെ ബെലൊറാദായിലെ മഠത്തിലെ അംഗങ്ങളായ പത്തുപേരെയാണ് ബുർഗോസ് ആർച്ച്ബിഷപ് ഡോ. മാരിയോ ഐസെറ്റ കാനൻ നിയമപ്രകാരം പുറത്താക്കിയത്. കാനൻ നിയമം 751ന് വിരുദ്ധമായി മാർപാപ്പയ്ക്കു കീഴ്പ്പെടാനുള്ള വിസമ്മതം പ്രകടിപ്പിച്ചതിനാണു പുറത്താക്കൽ നടപടി. 2019ൽ മാർപാപ്പ സഭയിൽനിന്നു പുറത്താക്കിയ പാബ്ളോ ദെ റോജാസ് സാഞ്ചെസ് ഫ്രാങ്കോ എന്ന സ്വയംപ്രഖ്യാപിത ബിഷപ്പിന്റെ നേതൃത്വം അംഗീകരിക്കുകയും മാർപാപ്പയുടെ അധികാരം നിഷേധിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചത്. 2005ലാണ് ഇയാൾ സ്വന്തം സഭാ കൂട്ടായ്മ സ്ഥാപിച്ചത്. കത്തോലിക്കാ സഭ വിടാനുള്ള തങ്ങളുടെ സ്വതന്ത്രവും വ്യക്തിപരവുമായ തീരുമാനം ഈ സന്യാസിനിമാർ സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ മഠത്തിൽ ഇനി എട്ട് അംഗങ്ങളാണുള്ളത്. നിശ്ചിതകാലത്തേക്കാണ് സമർപ്പിത ജീവിതത്തിൽനിന്നും സഭാ കൂട്ടായ്മയിൽനിന്നും ഇവരെ പുറത്താക്കിയിട്ടുള്ളതെന്നും പുനർവിചിന്തനത്തിനുശേഷം പശ്ചാത്തപിച്ച് സഭാ കൂട്ടായ്മയിലേക്കു തിരിച്ചുവരാൻ ഇവർക്ക് അവസരമുണ്ടെന്നും സഭാ വൃത്തങ്ങൾ സൂചിപ്പിച്ചു. സഭ എപ്പോഴും ഒരു അമ്മയെന്ന നിലയിൽ അവളുടെ മക്കളോട് അഗാധമായ അനുകമ്പ കാണിക്കുന്നുവെന്നും ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ കരുണയിൽ വിശ്വസിച്ച് പിതാവിന്റെ വീട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്ന മക്കളെ സ്വാഗതം ചെയ്യാൻ തയാറാണെന്നും ആർച്ച്ബിഷപ് ഡോ. മാരിയോ ഐസെറ്റ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. സഭയിൽനിന്നു പുറത്തായതോടെ മഠത്തിൽനിന്ന് ഒഴിയാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വത്തിക്കാന്റെ നിർദേശപ്രകാരം ആർച്ച്ബിഷപ്പും സന്യാസിനിമാരും തമ്മിൽ ആശയവിനിമയം നടന്നുവരികയായിരുന്നു.
Source link