കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
അയല്‍ക്കാരായ ബംഗ്ലാദേശിനെ കീഴടക്കി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ അവസാന നാലിലേക്കു നായകന് റഷീദ് ഖാനും സംഘവും നടന്നുകയറും മുമ്പേ കാബൂളിലെ തെരുവുകളില്‍ ആനന്ദനൃത്തം തുടങ്ങിയിരുന്നു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതു മാത്രമല്ല ലോകക്രിക്കറ്റിലെ ഒന്നാമന്മാരെന്നു സ്വയംകരുതുന്ന ഓസ്ട്രേലിയയെ തൊട്ടുമുമ്പ് പരാജയപ്പെടുത്തിയതിന്റെ ഊര്‍ജവും അഫ്ഗാന് ജനതയുടെ ആഹ്ലാദപ്രകടനങ്ങളിലുണ്ടായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധവും അതു സമ്മാനിച്ച വികസനമുരടിപ്പും മാത്രമല്ല ആധുനിക ലോകത്തിന്റെ അവഗണനയും വല്ലാതെ അനുഭവിച്ച ഒരു ജനതയ്ക്കു പുതുശ്വാസമാവുകയാണ് ക്രിക്കറ്റിലെ ഈ വലിയ നേട്ടങ്ങൾ. 2001ലാണ് അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രാഥമികാംഗത്വം ലഭിക്കുന്നത്. പതിനാറു വർഷത്തിനുശേഷം 2017ൽ മുഴുവൻസമയ അംഗത്വവും. പ്രാഥമിക അംഗമെന്ന നിലയിൽ 2010 മുതൽ ട്വന്റി 20 ലോകകപ്പുകളിൽ കളിക്കുന്ന അഫ്ഗാന്റെ പോരാട്ടം പ്രാഥമിക റൗണ്ടിൽത്തന്നെ അവസാനിക്കാറാണ് പതിവ്. എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് ട്വന്റി 20യിൽ മാത്രമല്ല ഏകദിനത്തിലും ടെസ്റ്റിലും അഫ്ഗാൻ ടീം അദ്ഭുതങ്ങൾ സൃഷ്ടിച്ചു. ലോകക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ സ്പിന്നർമാരിലൊരാളായ റഷീദ് ഖാന്റെ നേതൃത്വത്തിൽ ഇത്തവണ സെമിഫൈനൽ ബർത്ത് ഉറപ്പായിടത്ത് എത്തിനിൽക്കുന്നില്ല ആ വളർച്ച. പ്രതിഭാസമ്പന്നരായ ഒരു കൂട്ടം കളിക്കാരുടെ സാന്നിധ്യം മാത്രമല്ല ഈ വിജയങ്ങള്‍ക്കു പിന്നില്‍. ക്രിക്കറ്റിന് ഏറെ വേരോട്ടമുള്ള അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും സമശീര്‍ഷരായ ഒട്ടേറെ മികച്ച കളിക്കാരുണ്ടെങ്കിലും കളിയെ തന്ത്രപരമായി സമീപിക്കുന്നതിലൂടെ അഫ്ഗാന് സംഘം വേറിട്ടു നില്‍ക്കുകയാണ്. ആക്രമിക്കേണ്ട ബൗളറെ മുന്‍കൂട്ടി മനസിലാക്കുക, എതിര്‍ടീമിലെ ബാറ്ററെ നിയന്ത്രിക്കാനുള്ള ഫീൽഡ് ഒരുക്കുക, മഴ നിയമങ്ങളിലെ അപകടങ്ങൾ മറികടക്കുക തുടങ്ങി സാങ്കേതികമായി ക്രിക്കറ്റിനെ സമീപിക്കുന്ന ഓസ്ട്രേലിയന്‍ തന്ത്രം വിജയകരമായി പിന്തുടരുകയായിരുന്നു റാഷിദ് ഖാനും സംഘവും. 2016 ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കിയതോടെയാണ് വലിയ സ്വപ്നങ്ങളിലേക്ക് അഫ്ഗാന് ക്രിക്കറ്റ് കണ്ണുവച്ചുതുടങ്ങിയത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും അട്ടിമറിച്ച അഫ്ഗാന്റെ കുതിപ്പ് അവസാനിപ്പിച്ചത് ഓസ്ട്രേലിയ ആയിരുന്നു. മോശം ഫീൽഡിംഗ് ആയിരുന്നു അന്ന് അഫ്ഗാനിസ്ഥാന് പ്രതികൂലമായത്. മറ്റൊരു ഫോര്‍മാറ്റിലാണെങ്കിലും ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസില്‍ വീണ്ടും ഓസ്ട്രേലിയയെ നേരിട്ടപ്പോൾ മൈതാനത്ത് ഒരു പിഴവിനും അഫ്ഗാൻ സംഘം തയാറായില്ല. മത്സരം സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയയെ തകർത്തതോടെ ബംഗ്ലാദേശിനെതിരേ ജയത്തിൽ കുറഞ്ഞതൊന്നും അഫ്ഗാൻ സംഘത്തിന്റെ മനസിൽ ഉണ്ടായിരുന്നില്ല. ഇടയ്ക്ക് മഴവന്ന് കളി തടസപ്പെടുത്തിയതും ഓവറുകൾ വെട്ടിച്ചുരുക്കിയതും വെല്ലുവിളിയാകുമെന്ന പ്രതീതി ഉയർത്തിയെങ്കിലും അഫ്ഗാൻ ഡ്രസിംഗ് റൂമിൽ മറുതന്ത്രങ്ങൾ റെഡിയായിരുന്നു. മറുപടി ബാറ്റിംഗ് 19 ഓവറാക്കി ചുരുക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 114 ആക്കി. ഇതോടെ 12.1 ഓവറിൽ വിജയലക്ഷ്യം ഭേദിച്ചാൽ മാത്രമേ ബംഗ്ലാദേശിന് മുന്നോട്ടു നീങ്ങാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ റഷീദ് ഖാനും നവീൻ ഉൾ ഹഖും ചേർന്ന് അർനോസ് വാലെ സ്റ്റേഡിയത്തിൽ കടുവകളെ പിച്ചിച്ചീന്തുകയായിരുന്നു. ഫൈനലിലേക്ക് ഒരു ജയം കൂടി പ്രധാന ടൂർണമെന്റുകളിലെല്ലാം ഏറ്റവും മികച്ച ടീമുമായി എത്തി സെമിയിൽ കാലിടറി വീഴുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പതിവ്. ഇത്തവണ അത്ര മികച്ച പ്രകടനങ്ങളൊന്നും ദക്ഷിണാഫ്രിൻ ടീമിൽ നിന്ന് പുറത്തുവന്നിട്ടുമില്ല. അതുകൊണ്ടുതന്നെ റഷീദ് ഖാന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം കാബൂളിലെ തെരുവുകളിൽ വീണ്ടും നൃത്തസംഘങ്ങൾക്ക് അവസരമൊരുക്കുമോ എന്ന് കാത്തിരുന്നു കാണാം.
Source link