ചരിത്രം കുറിച്ച് അഫ്ഗാൻ
സെന്റ് വിൻസന്റ്: സെമിസാധ്യതകൾ മാറിമറിഞ്ഞ പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്ഥാൻ സെമിയിൽ. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാനിസ്ഥാൻ സെമിയിലെത്തിയത്. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഐസിസിയുടെ പ്രധാന ടൂർണമെന്റിൽ സെമിയിലെത്തുന്നത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റണ്‍സെടുത്തു. 116 റണ്‍സെന്ന ലക്ഷ്യം 12.1 ഓവറിൽ മറികടന്നാൽ ബംഗ്ലാദേശിനു സെമിയിലെത്താമായിരുന്നു. കളിക്കിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 19 ഓവറിൽ 114 റണ്‍സാക്കിയിരുന്നു.എന്നാൽ, ബംഗ്ലാദേശ് 17.5 ഓവറിൽ 105 റണ്‍സിന് പുറത്തായി. ഓപ്പണറായി എത്തിയ ലിട്ടൻ ദാസ് 49 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ നവീൻ ഉൾ ഹഖും റഷീദ് ഖാനുമാണ് അഫ്ഗാനായി തിളങ്ങിയത്. ഗ്രൂപ്പിൽനിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു. അഫ്ഗാൻ ജയിച്ചതോടെ ഓസ്ട്രേലിയ സെമി കാണാതെ പുറത്താകുകയും ചെയ്തു. ബാറ്റിംഗ് പിഴച്ചു ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ അഫ്ഗാനു വലിയ ടോട്ടൽ പടുത്തുയർത്താനായില്ല. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ശ്രദ്ധയോടെയാണു കളിച്ചത്. പവർപ്ലേ അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ് മാത്രമാണ് അഫ്ഗാൻ നേടിയത്. ആദ്യ പത്ത് ഓവറിൽ 58 റണ്‍സും. ബംഗ്ലാദേശ് ബൗളർമാർ പിടിമുറുക്കിയതോടെ അഫ്ഗാന് സ്കോറിങ്ങിന്റെ വേഗം ഉയർത്താനായില്ല. റഹ്മാനുള്ള ഗുർബാസ് (43), റഷീദ് ഖാൻ (19*), ഇബ്രാഹിം സദ്രാൻ (18) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റ് വീഴ്ത്തി. മഴ, ഡിഎൽഎസ്, വിക്കറ്റ് വീഴ്ച 12.1 ഓവറിൽ അഫ്ഗാന്റെ ലക്ഷ്യം മറികടന്നാൽ സെമി ഉറപ്പിക്കാമായിരുന്ന ബംഗ്ലാദേശ് അടിച്ചുതകർക്കാനൊരുങ്ങിയാണു മൈതാനത്തിറങ്ങിയത്. പവർപ്ലേയിൽത്തന്നെ 46 റണ്‍സ് നേടുന്നതിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തൻസിദ് ഹ്സൻ(0), നജ്മുൾ ഹൊസൈൻ ഷാന്റോ (5), ഷാക്കിബ് അൽ ഹസൻ (0) എന്നിവരാണു പുറത്തായത്. ഇതിനിടെ മഴയുമെത്തി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോൾ വീണ്ടും വിക്കറ്റുകൾ നിലംപൊത്തി. വിക്കറ്റുകൾ വീഴുന്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടണ്‍ ദാസ് ബംഗ്ലാദേശ് സ്കോറുയർത്തി. പത്തോവർ അവസാനിക്കുന്പോൾ ടീം 77 റണ്‍സെടുത്തു. മഹ്മദുള്ളയെയും റിഷാദ് ഹൊസൈനെയും അടുത്തത്തടുത്ത പന്തുകളിൽ പുറത്താക്കി റഷീദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസപ്പെടുത്തിയതോടെ ലക്ഷ്യം 19 ഓവറിൽ 114 ആയി മാറി. മഴനിയമപ്രകാരം ബംഗ്ലാദേശ് അപ്പോൾ പുറകിലാണ്. 17.4 ഓവറിൽ നവീൻ ഉൾ ഹഖ് താസ്കിൻ അഹമ്മദിനെ പുറത്താക്കിയതിനു പിന്നാലെ മഴയെത്തി. ബംഗ്ലാദേശ് 105/9 എന്ന നിലയിലായി. വിക്കറ്റ് നഷ്ടമാകുന്നതിനു മുന്‍പ് വരെ ബംഗ്ലാദേശായിരുന്നു ഡിഎൽഎസ് നിയമപ്രകാരം മുന്നിൽ. എന്നാൽ, വിക്കറ്റ് നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശിന് ആ സമയത്ത് ജയിക്കാൻ 108 റണ്‍സ് വേണമായിരുന്നു. മഴ പെട്ടെന്നു മാറി. അടുത്ത പന്തിൽ നവീൻ മുസ്താഫിസുർ റഹ്മാനെ വിക്കറ്റിനു മുന്നിൽ കുരുക്കി അഫ്ഗാനു ചരിത്ര ജയം സമ്മാനിച്ചു.
Source link