സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം, രോഗം സ്ഥിരീകരിച്ച 13കാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌‌തിഷ്‌ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 13കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 12നാണ് കുട്ടി മരിച്ചത്. മരണകാരണം അത്യപൂർവ അമീബയെന്നാണ് പരിശോധനാ ഫലം.

ഛർദ്ദിയും തലവേദനയും ബാധിച്ച കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവ്. എന്നാൽ, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

നട്ടെല്ലിൽ നിന്നുള്ള നീരിന്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എന്‍സെഫലൈറ്റസിനുള്ള ആറ് മരുന്നുകൾ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, ഇത് മുമ്പ് റിപ്പോർട്ട് ചെയ്‌ത അമീബിക് മെനിഞ്ചൈറ്റിസിൽ നിന്ന് വ്യത്യസ്‌തമായതിനാൽ അമീബിക് സ്‌പീഷീസ് ഏതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസീവ് ഡോക്‌ടർ അബ്‌ദുള്ള റൗഫ് പറഞ്ഞു. വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിദ്ധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂർവമായതിനാൽ രോഗാണുവിന്റെ ഇൻക്യുബേഷൻ പിരീഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ദ്ധ പഠനം ആവശ്യമാണെന്നും ഡോക്‌ടർ പറഞ്ഞു.

ഇതിന് മുമ്പ് മലപ്പുറത്തും മസ്തിഷ്ക ജ്വരം (അമീബിക്ക് മെനഞ്ചോ എൻസെഫലൈറ്റിസ്)​ ബാധിച്ച് അഞ്ച് വയസുകാരി മരിച്ചിരുന്നു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസൻകുട്ടി-ഫസ്ന ദമ്പതികളുടെ മകൾ ഫദ്‌വയാണ് മരിച്ചത്. കളിയാട്ടമുക്ക് എ.എം.എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.

കുട്ടി ബന്ധുക്കളോടൊപ്പം വീടിന് സമീപത്തെ കടലുണ്ടി പുഴയുടെ പാറയ്ക്കൽ കടവിൽ കുളിച്ചിരുന്നു. വേനലിൽ ഒഴുക്ക് നിലച്ച വെള്ളമായിരുന്നു ഇവിടത്തേത് . തുടർന്ന് ദിവസങ്ങൾക്ക് ശേഷം പനി, തലവേദന, ഛർദ്ദി എന്നിവയെ തുടർന്ന് വീടിനടുത്തുള്ള ശിശുരോഗ വിദഗ്ദ്ധനെ കാണിച്ചു. 12ന് രണ്ടുതവണ ഛർദ്ദി, തലചുറ്റൽ എന്നിവ ഉണ്ടായതോടെ ചേളാരിയിലെയും തുടർന്ന് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. രോഗം ഗുരുതരമായതോടെ അന്നുതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.


Source link
Exit mobile version