‘ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ, ഇനി വേണോ?’; ബ്ലെസിയോട് മുരളി ഗോപി പറഞ്ഞു

‘ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?’; ബ്ലെസിയോട് മുരളി ഗോപി പറഞ്ഞു | Murali Gopy Bhramaram
‘ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ, ഇനി വേണോ?’; ബ്ലെസിയോട് മുരളി ഗോപി പറഞ്ഞു
മനോരമ ലേഖകൻ
Published: June 25 , 2024 04:22 PM IST
Updated: June 25, 2024 05:17 PM IST
1 minute Read
മുരളി ഗോപി, ബ്ലെസി
‘ഭ്രമരം’ സിനിമയിൽ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2004ലെ ആദ്യ സിനിമയ്ക്കു ശേഷം വെള്ളിത്തിരയിൽ നിന്നും മാറിനിന്ന സമയത്താണ് ഭ്രമരം സിനിമയിലേക്കുള്ള ഓഫർ വരുന്നത്. സംവിധായകൻ ബ്ലെസിയുടെ തീരുമാനത്തെ തുടർന്നാണ് മുരളി ഗോപി ഈ സിനിമയിലേക്കെത്തുന്നതും. ‘ഭ്രമരം’ റിലീസ് ചെയ്ത് പതിനഞ്ച് വർഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സിനിമയെക്കുറിച്ചുള്ള ഓർമകളുമായി മുരളി ഗോപി എത്തിയത്.
മുരളി ഗോപിയുടെ കുറിപ്പ് വായിക്കാം:
‘ഭ്രമരം’ തിയറ്ററുകളിൽ എത്തിയിട്ട് ഇന്ന് പതിനഞ്ചു വർഷം തികയുന്നു. 2004ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്.
തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ‘ഭ്രമരത്തിൽ’ ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. “ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് “വേണം” എന്ന ഒറ്റ വാക്കിൽ മറുപടി.
ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ “എന്നാൽ ശരി” എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമകളിലും ശക്തികളിലും ഒന്ന് ബ്ലെസിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. “ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ…” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷേ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം…ഗുരുവായാണ്. നന്ദി, ബ്ലെസിയേട്ടാ.
English Summary:
Murali Gopy About Bhramaram Movie
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 7frqh1ar52or3s18gukn2ko0p6 mo-entertainment-common-malayalammovienews mo-entertainment-movie-muraligopy mo-entertainment-movie-blessy f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link