‘ഡ്രൈവിംഗ് ലൈസൻസുകളുടെ നിലവാരം പ്രധാനം, കേരളത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് റോഡ് സുരക്ഷയ്ക്ക്’
തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്ക് നിലവാരമുളള ലൈസൻസുകളാണ് ആവശ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ഡ്രൈവിംഗ് ലൈസൻസുകളെക്കുറിച്ചുളളതെന്ന് മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് ഗണേഷ് കുമാർ കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്.
‘ഡ്രൈവിംഗ് ലൈസൻസുകളുടെ മൂല്യവൽക്കരണം ആരെയും തോൽപ്പിക്കാനല്ല, നിരത്തിൽ പൊലിയുന്ന ജീവനുകൾ അത്രയേറെ വിലപ്പെട്ടത് ആണെന്നുള്ള ബോദ്ധ്യമുള്ളതുകൊണ്ടാണ്. ഈ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. റോഡ് സുരക്ഷയ്‌ക്കായാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. വാഹനമോടിക്കുന്നവരുടെ ലൈസൻസിന്റെ നിലവാരമാണ് റോഡ് സുരക്ഷയുടെ പ്രധാനപ്പെട്ട ഘടകമാണ്.
അപകടങ്ങൾ കുറയ്ക്കാൻ ഇതിലൂടെ ഒരു വ്യക്തിക്ക് സാധിക്കും.കേന്ദ്ര സർക്കാരിന്റെ അക്കൗണ്ട് ജനറൽ കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസുകളെക്കുറിച്ചൊരു പഠനം നടത്തി. അതിലും റോഡ് സുരക്ഷയുടെ പ്രധാനപ്പെട്ട ഘടകം ലൈസൻസിന്റെ നിലവാരം തന്നെയാണ്. ഈ റിപ്പോർട്ട് വരുന്നതിന് മുൻപാണ് ഞാൻ ഇത്തരത്തിൽ ഒരു ആവശ്യം മുന്നോട്ടുവച്ചത്. ജനങ്ങളുടെ ജീവൻ റോഡുകളിൽ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ചുമതലയാണ്. പലരുടെയും അറിവില്ലായ്മയും അഹങ്കാരവും അപകടങ്ങൾ ഉണ്ടാകാൻ കാരണമാകും’- മന്ത്രി പറഞ്ഞു.
Source link