ധീരജവാൻ വിഷ്ണുവിന് നാടിന്റെ കണ്ണീർ പ്രണാമം
പാലോട്: മാവോയിസ്റ്റ് സ്‌ഫോടനത്തിൽ ഛത്തിസ്ഗഢിലെ സുക്മയിൽ വീരമൃത്യു വരിച്ച ധീര ജവാൻ നന്ദിയോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ വിഷ്ണുവിന് (35) ജന്മനാട് ഇന്ന് യാത്രാമൊഴിയേകും. സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് 201 ബറ്റാലിയനിലെ അംഗമായിരുന്നു.
ഭൗതീക ശരീരം ഇന്ന് പുലർച്ചെ 1.30 ന് തിരുവനന്തപുരം വിമാനതാവളത്തിലെത്തിച്ചു. തുടർന്ന് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ചു. അവിടെ നിന്ന് പുലർച്ചെ മൂന്നിന് നന്ദിയോട് താന്നിമൂട്ടിൽ വിഷ്ണു പുതുതായി നിർമ്മിച്ച പനോരമ എന്ന വീട്ടിലെത്തിച്ചു.
അവിടെ നിന്ന് നന്ദിയോട് ഫാം ജംഗ്ഷനിലെ കുടുംബ വീടായ അനിഴം ഹൗസിൽ മൃതദേഹം എത്തിക്കും. രാവിലെ ഒമ്പത് മുതൽ നന്ദിയോട് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് മുന്നിലെ പ്രത്യേക പന്തലിൽ പൊതു ദർശനം. രാവിലെ 10 മുതൽ വിഷ്ണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് കരിമൺകോട് ശാന്തികുടീരത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. നന്ദിയോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റെയും അജിതയുടേയും രണ്ടു മക്കളിൽ ഇളയവനാണ് വിഷ്ണു.
ശ്രീചിത്ര നഴ്സ് നിഖിലയാണ് ഭാര്യ. മക്കൾ: നിർദേവ്, നിർവ്വിൽ. ജൂലായ് 15ന് അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് വിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.വിഷ്ണുവിനോടുള്ള ആദരസൂചകമായി നന്ദിയോട് പഞ്ചായത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടകളടച്ച് ഹർത്താലാചരിക്കും.
Source link