തിരുവനന്തപുരം: പൊതുവിപണിയിൽ പച്ചക്കറികളുടെ വിലക്കയറ്റം തടയാൻ കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ മുഖേന ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യുന്നതിന് വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ മുതൽ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉത്പാദനത്തെ സാരമായി ബാധിച്ചു.
ഓണത്തിന് ആവശ്യമായ പച്ചക്കറികൾ വിപണിയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും, അതിനാവശ്യമായ പ്രവർത്തന മാർഗ്ഗരേഖ ഒരാഴ്ചയ്ക്കകം തയ്യാറാക്കാനും കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
പച്ചക്കറിയുടെ തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കാനും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനും തദ്ദേശ സ്ഥാപനങ്ങളെയും മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Source link