സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ മടക്കയാത്ര വൈകുന്നതും ഇതിൽ നാസ വിശദീകരണം നൽകാത്തതും ആശങ്കയുയർത്തുന്നു. അമേരിക്കൻ വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ അഞ്ചിനാണ് സുനിതയും നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു യാത്രയായത്. പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടശേഷം ഇതേ പേടകത്തിൽത്തന്നെ പത്തിനു മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മടക്കയാത്ര 14ലേക്ക് മാറ്റിയതായി നാസ അറിയിച്ചിരുന്നു. പിന്നീട് 26ലേക്കും മടക്കയാത്ര മാറ്റി. കൂടുതൽ ഗവേഷണം നടത്താനാണു മടക്കയാത്ര നീട്ടിയതെന്നായിരുന്നു നാസയുടെ വിശദീകരണം. എന്നാൽ, മടക്കയാത്ര ഏതാനും ദിവസംകൂടി വൈകുമെന്നു പറഞ്ഞ നാസ കൃത്യമായ തീയതി അറിയിച്ചിട്ടില്ല. പേടകത്തിനുള്ളിലെ ഹീലിയം വാതകത്തിനു ചോർച്ചയുണ്ടെന്നും പ്രൊപ്പല്ലന്റ് വാൽവിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നാസ ഇതു സ്ഥിരീകരിച്ചിട്ടില്ല. മുന്പ് ആളില്ലാതെ നടത്തിയ സ്റ്റാർലൈനർ പേടകത്തിന്റെ രണ്ടു പരീക്ഷണപ്പറക്കലുകളിൽ അഞ്ചു പിഴവുകൾ കണ്ടെത്തിയിരുന്നു. മനുഷ്യനെ കയറ്റിയുള്ള സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രയായിരുന്നു ഇത്. 58കാരിയായ സുനിതയുടെ മൂന്നാം ബഹിരാകാശ യാത്രയാണിത്. സുനിത പേടകത്തിന്റെ പൈലറ്റും 61കാരനായ വിൽമർ കമാൻഡറുമാണ്. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് (സിഎഫ്ടി) എന്നറിയപ്പെടുന്ന ഈ ദൗത്യം സ്റ്റാർലൈനറിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പതിവുയാത്രകൾ നടത്താനുള്ള നിർണായക ചുവടുവയ്പാണ്. ഇതു വിജയിച്ചാൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനുശേഷം ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കും തിരിച്ചും കൊണ്ടുപോകുന്ന രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറും. സുനിത 2006ലും 2012ലുമായി 322 ദിവസം ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞിട്ടുണ്ട്. സുനിതയുടെ അച്ഛൻ ഗുജറാത്തിൽനിന്നുള്ളയാളും അമ്മ സ്ലൊവേനിയൻ വംശജയുമാണ്.
Source link