റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം ;20 പേർ കൊല്ലപ്പെട്ടു

മോസ്കോ: തെക്കൻ റഷ്യയിലെ ഡാഗേസ്താൻ പ്രവിശ്യയിൽ ഭീകരാക്രമണത്തിൽ 15 പോലീസുകാർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. ഓർത്തഡോക്സ് വൈദികനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി രണ്ടു നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും ഒരു പോലീസ് പോസ്റ്റിനും നേർക്കായിരുന്നു ആക്രമണം. ആറു ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഡാഗേസ്താനിൽ മുൻകാലങ്ങളിലും നിരവധി ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. റഷ്യക്കെതിരേ പോരാട്ടം നടക്കുന്ന ചെച്നിയയോടു ചേർന്ന പ്രദേശമാണ് ഡാഗേസ്താൻ. മേഖലയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കാസ്പിയൻ കടൽത്തീരത്തുള്ള ഡെർബെന്റ് നഗരത്തിലെ ഒരു സിനഗോഗും ഒരു പള്ളിയും ഡാഗേസ്താന്റെ തലസ്ഥാനമായ മഖാച്കലയിലെ ഒരു പള്ളിയും ഒരു ട്രാഫിക് പോലീസ് പോസ്റ്റുമാണ് ഭീകരർ ആക്രമിച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ഫാ. നിക്കോളായി കോടെൽനിക്കോവ് ആണ് കൊല്ലപ്പെട്ട വൈദികൻ. ഇദ്ദേഹം 40 വർഷമായി ഡെർബെന്റിൽ പ്രവർത്തിച്ചുവരികയാണ്. ഡാഗേസ്താനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് ഡാഗേസ്താൻ റിപ്പബ്ലിക് തലവൻ സെർഗെയ് മെലികോവ് ആരോപിച്ചു. സെർജോകാല ജില്ലാ തലവൻ മഗോമെദ് ഒമറോവിന്റെ രണ്ടു മക്കൾ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. ഒമറോവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Source link