KERALAMLATEST NEWS

വെളുത്തുള്ളിവില 300, മുരിങ്ങക്കായ 200, മറ്റിനങ്ങളുടെ കാര്യം പറയുകയേ വേണ്ട; മലയാളികൾ പച്ചക്കറി കഴിക്കാൻ ബുദ്ധിമുട്ടും

കോട്ടയം: ഉത്തരേന്ത്യയിൽ ചൂട് കൂടിയതും മഴ കുറഞ്ഞതും മൂലമുണ്ടായ പച്ചക്കറി വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് പൊതുജനം. ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരാണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞതും കേരളത്തിൽ വിലവർദ്ധനവിന് കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിംഗ് നിരോധനത്തെത്തുടർന്ന് മീനിന് വിലകൂടിയതും സാധാരണക്കാർക്ക് തിരിച്ചടിയാണ്.

കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായ കൊച്ചിയിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കാരറ്റ്- 80 രൂപ, തക്കാളി-100 രൂപ, സവാള- 45 രൂപ, ബീൻസ്-120 രൂപ, വെളുത്തുള്ളി-300 രൂപ, മുരിങ്ങക്കായ-200 രൂപ എന്നിങ്ങനെയാണ് നിലവിലെ വില.

അതിർത്തി ഗ്രാമങ്ങളിലും പച്ചക്കറി വില ഉയരുകയാണ്. അതിർത്തിയിലെ മലയാളികളുടെ തീൻമേശയിൽ സാധാരണ എത്താറുള്ള അന്യസംസ്ഥാനക്കാരുടെ പച്ചക്കറിയും ഇത്തവണ കിട്ടുമെന്ന കാര്യത്തിൽ സംശയമാണ്. തമിഴ്നാട്ടിലെ പച്ചക്കറി നിലങ്ങളായ കുറുവാൻകോട്ടയ്, കുളുപ്പൻകുളം, ചെട്ടിയാർപെട്ടി, ഉഗ്രൻ കോട്ട, കിളിമാനൂർ, അളകാണ്ടിപ്പുറം, കൂത്ത് മലൈ, വീരാനം, വിവിപുറം, വീരാനു കൂത്ത്മലൈ, നായനാർകുറിച്ചി, കുഞ്ഞുകുളം, അപ്പിത്ത്, ആഴംകുളം, മരുതപ്പെട്ടി, കാന്തപുരം, മുക്കനാർ, പള്ളക്കൽ, പുതുക്കുടി, ബ്രഹ്മദേശം തുടങ്ങിയ വില്ലേജുകളിലെ പച്ചക്കറി കൃഷിപ്പാടത്താണ് ഏറ്റവും കൂടുതൽ കാലവർഷക്കെടുതി ഉണ്ടായത്. ഇതോടെയാണ് അതിർത്തിയിൽ പച്ചക്കറിവില വർദ്ധിച്ചത്.


Source link

Related Articles

Back to top button