KERALAMLATEST NEWS

കനത്ത മഴയിൽ മരം കടപുഴകി വീണ് മരണം; മൂന്ന് പേ‌ർക്ക് പരിക്ക്

ഇടുക്കി: മരം കടപുഴകി കാറിനുമുകളിൽ വീണ് ഒരു മരണം. നേര്യമംഗലം വില്ലാഞ്ചിറയിൽ ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കെഎസ്‌ആർടിസി ബസിനും കാറിനും മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്.

ജോബിയും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ജോബിയുടെ ഭാര്യാപിതാവാണ് ജോസഫ്. ജോബിയുടെ ഭാര്യ അഞ്ജുവിന്റെ മാതാവ് അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജോബിക്കും ഭാര്യയ്ക്കും പരിക്കുണ്ട്. കാർ പൂർണമായും തകർന്ന നിലയിലാണ്.

കെഎസ്‌ആർടിസി ബസിന് മുകളിലായി ഒരു മരം വീണിരുന്നു. ഇത് വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെ തൊട്ടടുത്തുനിന്ന മറ്റൊരുമരം ആ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറിനുമുകളിലായി വീഴുകയായിരുന്നു.

അതേസമയം, കണ്ണൂരിൽ കനത്ത മഴയിൽ മരം റോഡിനുകുറുകെ കടപുഴകി വീണു. കണ്ണൂർ കൊതേരിയിലാണ് സംഭവം. തുടർന്ന് കണ്ണൂർ-മട്ടന്നൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. മരം വീണ് ട്രാൻസ്‌ഫോമറും തക‌ർന്നു. ചങ്ങനാശ്ശേരിയിൽ വില്ലേജ് ഓഫീസിന്
സമീപത്തുനിന്നിരുന്ന മരം കടപുഴകി വീണ് കാർ തകർന്നു. കോട്ടയം നാട്ടകം സർക്കാർ കോളേജിന് സമീപം എംസി റോഡിലേക്ക് കടപുഴകി വീണ മരം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.


Source link

Related Articles

Back to top button