യുവാവിന്റെ കുത്തേറ്റ് മാതാവ് മരിച്ചു

ഷൈലജ

മാള: വടമ പട്ടാളപ്പടിയിൽ മകന്റെ കുത്തേറ്റ് മാതാവ് കറുപ്പം വീട്ടിൽ ഷൈലജ (53) മരിച്ചു. മകൻ മുഹമ്മദ് ഹാദിലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സൂചനയുണ്ട്. ലഹരിയും ഉപയോഗിക്കാറുണ്ട്. ഇന്നലെ രാവിലെ 9ന് അടുക്കളയിൽ വച്ച് ഷൈലജയെ കത്തികൊണ്ട് കഴുത്തിലും പിറകിലും തുടയിലും മാരകമായി കുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

നിലവിളി കേട്ടെത്തിയ അയൽവാസികളുടെ സഹായത്തോടെ ഷൈലജയെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുവർഷം മുമ്പ് ചാലക്കുടി ചൗക്കയിൽ നിന്ന് പട്ടാളപ്പടിയിൽ താമസമാക്കിയതാണ് കുടുംബം. നാലു സഹോദരന്മാരിൽ മൂത്തയാളാണ് അവിവാഹിതനായ മുഹമ്മദ് ഹാദിൽ. ഷൈലജയുടെ ഭർത്താവ് പരേതനായ ഷാജഹാൻ. സംസ്കാരം പിന്നീട്.


Source link
Exit mobile version