CINEMA

250 കോടി കടം; ‘ബഡേ മിയാൻ’ സിനിമയുടെ നിർമാതാവ് കടക്കെണിയിൽ; ഓഫിസ് വിറ്റു

ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. 350 കോടി ബജറ്റിലിറങ്ങിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ ബോക്സ്ഓഫിസിൽ കനത്ത പരാജയമായതോടെയാണ് നിര്‍മാണക്കമ്പനി നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. 59.17 കോടി രൂപ മാത്രമാണ് ബഡേ മിയാൻ കലക്ട് ചെയ്തത്. നടൻ ജാക്കി ഭഗ്നാനിയുടെ പിതാവാണ് വാഷു ഭഗ്നാനി.
250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്‌ഷൻ ഹൗസ്, തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 80% ജീവനക്കാരെയും പിരച്ചുവിട്ടതായാണ് റിപ്പോർട്ട്.

അതേസമയം ചില ചലച്ചിത്ര പ്രവർത്തകരും പ്രൊഡക്‌ഷന്‍ ഹൗസിനെതിരെ രംഗത്തുവന്നു.  പൂജ എന്‍റര്‍ടെയ്മെന്‍റ് കമ്പനിയുടെ അംഗമായ രുചിത കാംബ്ലെയും സമൂഹ മാധ്യമങ്ങളിലൂടെ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്‌ഷൻ ഹൗസിൽ പ്രവർത്തിക്കരുതെന്ന് അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്നുണ്ട്. ഒട്ടും പ്രഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ശമ്പളം ലഭിക്കാൻ അവർ പാടുപെടുകയാണെന്നും. പ്രതിഫലം വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റില്‍ പറയുന്നു. 

‘‘ജോലി കഴിഞ്ഞാല്‍ 45-60 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പണം ചോദിച്ചതിന് ഒരാള്‍ക്കെതിരെ തട്ടിക്കയറുന്നത് പ്രഫഷനലല്ല. പക്ഷേ ഞങ്ങളുടെ സംഘം സിനിമയുടെ അഭിനിവേശത്താൽ നയിക്കപ്പെടുന്ന ഒരു സംഘം ആയതിനാൽ ചിലപ്പോള്‍ ഇതൊക്കെ സഹിക്കും. എന്നാൽ ഈ അഭിനിവേശം ചൂഷണം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ല. പണം ലഭിക്കുമെന്ന പ്രതീക്ഷയില്ല, എന്നാൽ ജാക്കി, വാഷു എന്നിവരുടെ ഈ വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാനും അവരോടൊപ്പം പ്രവർത്തിക്കില്ലെന്ന് ഉറപ്പുനൽകാനും വേണ്ടിയാണ് ഈ പോസ്റ്റ്.’’–രുചിതയുടെ വാക്കുകൾ.

1986-ൽ ആരംഭിച്ച പൂജാ എന്റർടെയ്ൻമെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങൾ നിർമിച്ചു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത കൂലി നമ്പർ 1, ഹീറോ നമ്പർ 1, ബിവി നമ്പർ 1, ബഡേ മിയാൻ ഛോട്ടേ മിയാൻ, രഹ്‌നാ ഹേ തെരേ ദിൽ മേ, ഓം ജയ് ജഗദീഷ് എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിർമ്മിച്ചു. എന്നിരുന്നാലും, സമീപകാല ബോക്സോഫീസ് പരാജയങ്ങൾ തിരിച്ചടിയായി.
350 കോടി ബജറ്റിലിറങ്ങിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ 59.17 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫിസിൽ നേടിയത്. 190 കോടിയില്‍ നിർമിച്ച ഗൺപതും ദുരന്തമായി മാറി. അക്ഷയ് കുമാറിനെ നായകനാക്കി പൂജ എന്റർടെയ്ൻമെന്റ് നിർമിച്ച ബെൽബോട്ടം, കുട്ടിപ്പുലി, മിഷൻ റാണിഗഞ്ജ്, ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നീ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ കനത്ത പരാജമായിരുന്നു.

കോവിഡിന് ശേഷം പത്തു സിനിമകളിൽ അഭിനയിച്ച അക്ഷയ് കുമാറിന്റെ എട്ടു ചിത്രങ്ങളും പരാജയമാണ്. തുടർ പരാജയം നേടിയിട്ടും അവസാന ചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാനിൽ താരം കൈപ്പറ്റിയ പ്രതിഫലം 100 കോടി രൂപയാണ്. ടൈഗർ ഷ്രോഫിന്റെ തുടർച്ചയായ മൂന്നാമത്തെ ദുരന്തമായിരുന്നു ബഡേ മിയാൻ ചോട്ടെ മിയാൻ. ഏകദേശം 35-40 കോടി രൂപയാണ് ടൈഗർ ഈ ചിത്രത്തിന് ഈടാക്കിയത്.

English Summary:
Vashu Bhagnani sells Pooja Entertainment office


Source link

Related Articles

Back to top button