മുഖ്യമന്ത്രി മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുകയാണ്; സിപിഎം നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തവർ തെറ്റുതിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് മുഖ്യമന്ത്രി കോഴിക്കോട് സംസാരിച്ചത്. മണിപ്പൂർ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികൾ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനത്തോട് മൃദുസമീപനം പുലർത്തുന്ന മുഖ്യമന്ത്രി ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുകയാണ്. എംവി ഗോവിന്ദൻ പറയുന്നത് മുസ്ലിം പ്രീണനം ഞങ്ങൾ നിർത്തില്ലെന്നാണ്. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിസ്റ്റുകൾക്കൊപ്പമാണെന്നാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. അതുകൊണ്ടാണ് എസ്എൻഡിപി യോഗത്തിന് നേരെ കുതിരകയറുന്നത്.
ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ എന്ത് വില കൊടുത്തും തടയുമെന്നാണ് ഗോവിന്ദൻ പറയുന്നത്. ജനാധിപത്യവിരുദ്ധമായ പ്രസ്താവനയാണത്. സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ക്രൈസ്ത നേതൃത്വത്തെ അടച്ചാക്ഷേപിക്കുകയാണ്. വിദേശഫണ്ട് ലഭിക്കാൻ വേണ്ടിയാണ് ക്രൈസ്തവർ ബിജെപിക്ക് വോട്ട് ചെയ്തതെന്ന വാദം അങ്ങേയറ്റത്തെ അവഹേളനമാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം.
കെകെ ശൈലജയെ വടകരയിൽ ജനം തോൽപ്പിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് പി.ജയരാജന്റെ കണ്ടെത്തൽ. പിണറായി വിജയനെ മാറ്റണമെന്നാണ് സിപിഎമ്മിലെ നേതാക്കൾ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ. തിരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Source link