സുരേഷ് ഗോപി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു, സന്തോഷമുള്ള കാര്യമെന്ന് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ‘ഗഗനചാരി’ എന്ന ചിത്രത്തിലെ അഭിനയം കണ്ടതിന് ശേഷമാണ് സുരേഷ് ഗോപി തന്നെ വിളിച്ചതെന്നും പടത്തിലെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗഗനചാരിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

ഫോണില്‍ വിളിച്ചാണ് സംസാരിച്ചത്, ചെയ്ത വേഷം നന്നായി എന്ന് കേള്‍ക്കുന്നത് ഒരു കലാകാരനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ ജൂണ്‍ 21-നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

മികച്ച ചിത്രം, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ആഞ്ജലിസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദര്‍ശിപ്പിച്ചിരുന്നു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ഗണേഷ് കുമാര്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ അത്തരം സംഭവങ്ങള്‍ രാഷ്ട്രീയപരമായി ഉള്ളത് മാത്രമാണെന്നും അതൊന്നും വ്യക്തി ജീവിതത്തെയോ സൗഹൃദത്തേയോ ബാധിച്ചിട്ടില്ലെന്ന് തന്നെയാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.


Source link

Exit mobile version