24,000 കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ 24,000
കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനം ലക്ഷ്യമിട്ട് 5000 കോടിയുടെ ‘വിസൽ പാക്കേജ്’, കോഴിക്കോട്- വയനാട് തുരങ്കപാത അടക്കം പദ്ധതികൾക്കായി 5000 കോടി, റബറിന് 250 രൂപ താങ്ങുവില തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതിക്ക് പെട്ടെന്ന് അനുമതി നൽകണമെന്ന ആവശ്യവുമുണ്ട്.
സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാനും വികസന പാതയിൽ മുന്നേറാനും രണ്ട് വർഷത്തേക്കുള്ള പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. അർഹതപ്പെട്ട വായ്‌പ നിഷേധിക്കുന്നതും വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ് വരുത്തിയതും മൂലം രണ്ടു വർഷം 5710 കോടി വീതം വായ്‌പ കുറയും. 15-ാം ധനകാര്യ കമ്മിഷൻ കേന്ദ്ര നികുതിവിഹിതം കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും റവന്യുകമ്മി ഗ്രാന്റ് അവസാനിക്കുന്നതും സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് 6000 കോടി മുടക്കിയതിന് തുല്യമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജി.എസ്.ടി കേന്ദ്ര – സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50:50 ആക്കണം.
അർദ്ധ അതിവേഗ റെയിൽ പദ്ധതിക്ക് (സിൽവർലൈൻ) എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണം. കൂടുതൽ എകസ്‌പ്രസ്, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണം.കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനമായി ഉയർത്തണം. ക്ഷേമ പദ്ധതികളുടെ കേന്ദ്ര സർക്കാർ വിഹിതം ഉയർത്തണം.
പൊളിച്ച പഴയ വാഹനങ്ങൾക്ക് പകരം പൊലീസ്, അഗ്‌നിശമന, ആരോഗ്യ വകുപ്പുകളിൽ പുതിയവ വാങ്ങാൻ സഹായം, എയിംസ്, കണ്ണൂർ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻഗോഡ് റെയിൽ പാത തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മന്ത്രി ബാലഗോപാൽ ജി.എസ്.ടി.കമ്മിറ്റിയിൽ
തിരുവനന്തപുരം: ജി.എസ്.ടി.യുടെ നിരക്ക് പരിഷ്ക്കരണ കമ്മിറ്റി അംഗമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിനെ വീണ്ടും തിരഞ്ഞെടുത്തു.
നിലവിൽ 0,5,12,18,28 സ്ളാബുകളും 28ശതമാനത്തിന് മേൽ ആഡംബരവസ്തുക്കൾക്ക് സെസുമാണ് നിലവിലെ രീതി.ഇതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നതിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് പുതിയ സമിതി.ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ചെയർമാൻ. ഉത്തർപ്രദേശിലെ മന്ത്രി സുരേഷ് കുമാർ ഖന്ന,ഗോവയിലെ മൗവിൻകുടിഞ്ഞോ,രാജസ്ഥാനിലെ ഗജേന്ദ്രസിംഗ്,ബംഗാളിലെ ചന്ദ്രിമ ഭട്ടാചാര്യ, കർണാടകയിലെ കൃഷ്ണബൈരേഗൗഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
Source link