കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നു: എൻ.എസ്.എസ് # ജാതി സെൻസസ് പാടില്ല

കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ജാതി സെൻസസിൽ നിന്ന് സർക്കാരുകൾ പിന്മാറുന്നതാണ് രാജ്യതാത്പര്യത്തിന് നല്ലതെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സർവമേഖലകളിലും ഇരുസർക്കാരുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിറുത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണ്. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാകും. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമനകാര്യങ്ങളിലും ജീവനക്കാരുടെ അംഗീകാരത്തിന്റെ കാര്യത്തിലും സർക്കാർ പക്ഷക്കാരായ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. ചിലർ അഴിമതിക്കാരായേക്കാമെന്നതിനാൽ മുഴുവൻ എയ്ഡഡ് മാനേജ്മെന്റുകളെയും അടച്ചാക്ഷേപിക്കുന്നത് ഭൂഷണമല്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനഃപൂർവം തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ജാതി സംവരണം സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാത്തത് പ്രായോഗിക തലത്തിലെ അശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ്. സംവരണ ഇളവുകൾ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ യോഗ്യതയിൽ വെള്ളംചേർക്കും. ജാതി – മത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽസംവിധാനമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
Source link