വയനാട്: രണ്ട് പശുക്കളെ കൂടി കടുവ കൊന്ന സാഹചര്യത്തിൽ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് നാട്ടുകാർ. കടുവയുടെ തുടർച്ചയായ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്. കേണിച്ചിറയിൽ ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. തോൽപ്പെട്ടി 17 എന്ന പേരുള്ള കടുവയാണ് പശുക്കളെ കൊന്നത്.
കടുവയുടെ ആക്രമണത്തിൽ മൂന്ന് ദിവസത്തിനിടെ നാല് പശുകളാണ് മരിച്ചത്. കേണിച്ചിറയിൽ കിഴക്കേൽ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് എടക്കാട് മാന്തടം തെക്കേപുന്നപ്പിള്ളി വർഗീസിന്റെ മൂന്ന് വയസ് പ്രായമുള്ള കറവപ്പശുവിനെ കടുവ ആക്രമിച്ചത്. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.
പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം കൊണ്ട് റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. സുൽത്താൻ ബത്തേരി – പനമരം റോഡ് ആണ് ഉപരോധിക്കുന്നത്. പശുവിന്റെ ജഡം ട്രാക്ടറിൽ വച്ചാണ് നാട്ടുകാർ പ്രതിഷേധിക്കാൻ എത്തിയത്.
കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്ത കടുവയെ പിടി കൂടുന്നതിന് ഉന്നത വന വകുപ്പ് ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വച്ച് പിടികൂടാനായില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് നിർദേശം. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വെെൽഡ് ലെെഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്.