പിടിയിലായ ജോബി ജോസ്
തൊടുപുഴ: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം പേരിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ റിക്രൂട്ടിംഗ് ഏജൻസി ഉടമയെ നേപ്പാൾ അതിർത്തിയിൽ നിന്ന് തൊടുപുഴ പൊലീസ് പിടികൂടി. തൊടുപുഴ നഗരത്തിൽ പ്രവർത്തിച്ചിരുന്ന കൊളംബസ് ജോബ് ആൻഡ് എഡ്യുക്കേഷൻ സ്ഥാപനത്തിന്റെ ഉടമ വണ്ണപ്പുറം ദർഭത്തൊട്ടി വേളംപറമ്പിൽ ജോബി ജോസാണ് (28) പിടിയിലായത്.
2022ലാണ് സ്ഥാപനം തുടങ്ങിയത്. യു.കെയിൽ ബുച്ചർ, കെയർടേക്കർ ജോലികൾക്ക് ഭാര്യയ്ക്കും ഭർത്താവിനും വിസ നൽകാമെന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് പണം തട്ടിയത്. മൂന്നു ലക്ഷം മുതൽ 12 ലക്ഷംരൂപ വരെയാണ് ഓരോരുത്തരിൽ നിന്ന് വാങ്ങിയത്. ഏറെനാൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പൊലീസിൽ പരാതി നൽകിയത്.
അതിനിടെ ചിലർക്ക് ഇയാൾ പണം തിരികെ നൽകി. എന്നാൽ വ്യാപകമായി പരാതി വന്നതോടെ ഒളിവിൽ പോയി. നേപ്പാളിലേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ അതിർത്തിയിൽ എത്തിയപ്പോഴാണ് പിടികൂടിയത്.
Source link