എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്

ലൈപ്സിഗ്: യൂറോ കപ്പ് ഫുട്ബോൾ 2024ൽ ഇതുവരെ സ്വന്തമായി എതിർവല കുലുക്കാനാകാതെ ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ ശക്തരായ ഫ്രാൻസ്-നെതർലൻഡ്സ് മത്സരം ഗോൾരഹിത സമനിലയായി. മൂക്കിനു പൊട്ടലുണ്ടായതിനെത്തുടർന്ന് കിലിയൻ എംബപ്പെ ഇല്ലാതെയാണ് ഫ്രാൻസ് ഗ്രൂപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയത്. എംബപ്പെയുടെ അഭാവത്തിൽ ഫ്രാൻസിന്റെ ആക്രമണത്തിനു തീരെ മൂർച്ചയില്ലായിരുന്നു. ടീം കാര്യക്ഷമതയോടെ കളിച്ചില്ലെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാംപ്സ് തന്നെ സമ്മതിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും വലയിലാക്കാനായില്ലെന്നും പരിശീലകൻ പറഞ്ഞു. നെതർലൻഡ്സിനെതിരേയുള്ള മത്സരത്തിനു മുന്പ് വ്യാഴാഴ്ച മാസ്ക് അണിഞ്ഞ് എംബപ്പെ പരിശീലനം നടത്തിയിരുന്നു. എന്നാൽ കരുതൽ എന്ന നിലയിൽ ദെഷാംപ്സ് സൂപ്പർ താരത്തെ പുറത്തിരുത്തുകയായിരുന്നു. സമനിലയോടെ ഫ്രാൻസും നെതർലൻഡ്സും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇരുടീമുകളും കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്താൻ മത്സരിക്കുന്നതുപോലെയായിരുന്നു കളത്തിലെ പ്രകടനം. 69-ാം മിനിറ്റിൽ ഫ്രാൻസിനെ ഞെട്ടിച്ച് സാവി സിമോണ്സ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്ലൈൻ ഫ്ളാഗ് ഉയർത്തിയിരുന്നു. പിന്നാലെ വാർ പരിശോധനയിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്തും ഓഫ്സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോൾ നിഷേധിച്ചു. അഞ്ചു മിനിറ്റോളമെടുത്ത വിഎആർ പരിശോധനയ്ക്ക് ശേഷമാണ് ഡച്ച് ഗോൾ നിഷേധിക്കപ്പെട്ടത്. രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടുപേർക്കും നാലു പോയിന്റ് വീതമായി. നെതർലൻഡ്സ് ഒന്നാമതും ഫ്രാൻസ് രണ്ടാമതുമാണ്. ഗ്രൂപ്പിൽ ഓസ്ട്രിയയോടു തോറ്റതോടെ പോളണ്ട് രണ്ടാം തോൽവിയുമായി പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ഫ്രാൻസ് പോളണ്ടിനെയും നെതർലൻഡ്സ് ഓസ്ട്രിയയെയും നേരിടും.
Source link