ഗാസ റെഡ് ക്രോസ് ഓഫീസിൽ ആക്രമണം; 22 മരണം
കയ്റോ: ഗാസയിലെ റെഡ് ക്രോസ് ഓഫീസിനു നേർക്കുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു ആക്രമണം. തെക്കൻ ഗാസയിൽ റാഫയ്ക്കടുത്ത് അൽ മവാസിയിൽ സ്ഥിതിചെയ്യുന്ന ഓഫീസിന് മീറ്ററുകൾക്കുള്ളിലാണ് ഷെല്ലുകൾ പതിച്ചതെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു. നൂറുകണക്കിനു പലസ്തീനികൾ ഓഫീസിനു ചുറ്റും തന്പടിച്ചു താമസിക്കുന്നുണ്ട്. റെഡ് ക്രോസ് ജീവനക്കാരും ഓഫീസിനോടു ചേർന്നാണു താസമിക്കുന്നത്. അതേസമയം, മേഖലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പറഞ്ഞു. എന്നാൽ, ഇസ്രയേലാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. ആക്രമണത്തിൽ 25 പേർ മരിച്ചുവെന്നും 50 പേർക്കു പരിക്കേറ്റുവെന്നുമാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചത്. ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 101 പേർ കൊല്ലപ്പെടുകയും 169 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ഇന്നലെ അവകാശപ്പെട്ടു. ഷാതിയിലെ ഏഴു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 24 പേരും തുഫായിലുണ്ടായ മറ്റൊരാക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഹമാസിന്റെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രേലി സേന ഗാസയിൽ നടത്തുന്ന സൈനിക ഓപ്പറേഷനിൽ 37,551 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ ലബനനിലെ ഹിസ്ബുള്ള ഭീകരരുമായുള്ള സംഘർഷം വിപുലമായ യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത പശ്ചിമേഷ്യക്കപ്പുറത്തേക്കും വലിയ നാശത്തിനിടയാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് മുന്നറിയിപ്പു നല്കി.
Source link