മദ്യം അടക്കം എല്ലാം എത്തിച്ചു നൽകുന്നു, ജയിൽ എയർ കണ്ടീഷനാക്കുന്നത് മാത്രമേ ബാക്കിയുള്ളൂ; ടി പി കേസിൽ വി ഡി സതീശൻ

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള വിചിത്രനീക്കം സർക്കാർ നടത്തുകയാണ്. ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നീ മൂന്നു പ്രതികളെയാണ് ജയിൽ നിയമങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ച് ജയിൽ മോചിതരാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച് ജയിൽ വകുപ്പ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച റിപ്പോർട്ട് പുറത്തുവന്നരിക്കുകയാണ്. ടി പിയെ 51 വെട്ടു വെട്ടി കൊന്ന ക്രിമിനലുകളെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ഈ ക്രിമിനലുകൾക്ക് പരോൾ നൽകിയത് സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട് നിയമസഭയിൽ കെ കെ രമ ചോദിച്ച ചോദ്യങ്ങൾക്ക് അഞ്ച് മാസമായി ഉത്തരം നൽകിയിട്ടില്ല. ഇതിന് മുൻപ് എല്ലാ പ്രതികൾക്കും കൂടി രണ്ടായിരം ദിവസം പരോൾ നിൽകിയിട്ടുണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
‘പ്രതികൾക്ക് വേണ്ടി ജയിലിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് ചെയ്തു കൊടുത്തിരിക്കുന്നത്. ഇനി ജയിൽ എയർ കണ്ടീഷനാക്കുന്നതു മാത്രമേ ബാക്കിയുള്ളൂ. ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും ഉൾപ്പെടെ എല്ലാം എത്തിച്ചു നൽകുന്നുണ്ട്. ജയിലിൽ കിടന്നു കൊണ്ടു തന്നെ ഈ പ്രതികൾക്ക് ക്വട്ടേഷനുകൾ പിടിക്കാനും ക്വട്ടേഷൻ സംഘങ്ങളുടെ ഭാഗമാകാനും സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളാകാനുമുള്ള അവസരങ്ങൾ പൊലീസും ജയിൽ അധികൃതരും ചെയ്തു കൊടുക്കുകയാണ്. പുറത്തുള്ളവരെ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. മിക്കവാറും സമയങ്ങളിൽ ഈ പ്രതികൾ ജിയിലിന് പുറത്തു തന്നെയാണ്.
പരോളിന് പോലും അർഹതയില്ലാത്ത കൊടും ക്രിമിനലുകളെ ശിക്ഷയിൽ ഇളവ് നൽകി പുറത്തുകൊണ്ടു വരാൻ ശ്രമിക്കുന്നത് കേരളത്തിന്റെ മനസാക്ഷിയോടുള്ള വെല്ലുവിളിയാണ്. പാർട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്രൂരന്മാരായ കൊലയാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നത് സി പി എമ്മാണ്. തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും പാഠം പഠിക്കാനോ തെറ്റു തിരുത്താനോ തയാറാകാതെ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കാണ് സി പി എം വീഴുന്നത്. ഈ പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ ഒരു കാരണവശാലും അനുവദിക്കില്ല. ആ ചെറുത്ത് നിൽപിന് മുന്നിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും മുൻപന്തിയിലുണ്ടാകും.
ഇപ്പോഴും സി പി എം ബോംബ് നിർമ്മാണം തുടരുകയാണ്. കണ്ണൂരിൽ നിരപരാധിയായ വയോധികനാണ് കൊല ചെയ്യപ്പെട്ടത്. നിരവധി കുട്ടികളും നിരപരാധികളുമായ മനുഷ്യരുമാണ് സി പി എമ്മിന്റെ ബോംബിന് ഇരകളായത്. ഇപ്പോഴും അപരിഷ്‌കൃത സമൂഹത്തിലേതു പോലെയാണ് സി പി എം ബോംബ് നിർമ്മിക്കുന്നതും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതും. ഇവർ ഇപ്പോഴും ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്. ബോംബിന്റെ ഭീതിയെ കുറിച്ച് തുറന്നു പറഞ്ഞ സീന എന്ന പെൺകുട്ടിയെയും അവരുടെ അമ്മയെയും സി പി എം ഭീഷണിപ്പെടുത്തുകയാണ്. സീനയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. ടി.പി കൊലക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും.
അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സി പി എമ്മിന്റെ അഹങ്കാരവും ധിക്കാരവും ഇതുവരെ അവസാനിച്ചിട്ടില്ല. കൊടും കൊലപാതകത്തിലെ പ്രതികൾക്കാണ് സർക്കാർ ശിക്ഷാ ഇളവ് നൽകുന്നത്. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ഹെക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ശിക്ഷാ ഇളവ് നൽകാൻ ജയിൽ മേധാവിക്ക് എന്ത് അധികാരമാണുള്ളത്? ക്രൂരമായ കൊലപാതം ചെയ്ത പ്രതികളുടെ പേരുകൾ ശിപാർശ ചെയ്യാൻ ജയിൽ അധികൃതർക്ക് എന്ത് അധികാരമാണുള്ളത്? എന്തും ചെയ്യാൻ മടിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ സി പി എമ്മും സർക്കാരും നൽകുന്നത്.’- വി ഡി സതീശൻ പറഞ്ഞു.
Source link