വ്ലോഗർമാർ ചെറുപ്പക്കാരെ സ്വാധീനിക്കും വാഹനങ്ങളിലെ നിയമലംഘനം: കർശന നടപടിയെന്ന് സർക്കാർ
കൊച്ചി: വാഹനങ്ങളുടെ രൂപമാറ്റവും അനാവശ്യ ലൈറ്റുകൾ സ്ഥാപിക്കലുമടക്കം നിയമലംഘനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. രൂപം മാറ്റിയ വാഹനങ്ങൾ അപകടകരമായി ഓടിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതും തടയും. വ്ലോഗർമാരുടെ നിയമലംഘന വിഡിയോകൾ യൂട്യൂബിൽനിന്ന് നീക്കാൻ യുട്യൂബ് മോഡറേഷൻ ടീമിന് ഗതാഗത കമ്മിഷണർ കത്ത് എഴുതിയിട്ടുണ്ട്.
ഇത്തരം വീഡിയോകളെക്കുറിച്ച് കേന്ദ്രഗതാഗത സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയം വേണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും അറിയിച്ചു.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ സമൂഹസുരക്ഷയ്ക്കു ഭീഷണിയാകുന്നതിനൊപ്പം വ്ലോഗർമാരുടെ പോസ്റ്റുകൾ ചെറുപ്പക്കാരെ സ്വാധീനിക്കുമെന്നും ഓർമ്മിപ്പിച്ച കോടതി, ഡ്രൈവർമാരുടെ ക്യാബിനിൽ കയറി വീഡിയോ എടുക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
കാറിൽ ടാർപോളിൻ ഷീറ്റുകൊണ്ട് നീന്തൽക്കുളമൊരുക്കിയ വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചു. നിയമലംഘകരെ പിടികൂടാൻ റോഡ് സുരക്ഷാ കമ്മിഷന്റെ ചുമതല വഹിക്കുന്ന ഗതാഗത കമ്മിഷണർ നടപടിയാരംഭിച്ചതായും അറിയിച്ചു.
സഞ്ജു ടെക്കിക്കും കൂട്ടാളികൾക്കുമെതിരെ സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് 25ന് വീണ്ടും പരിഗണിക്കും.
കോളേജുകളിൽ
അഭ്യാസം വേണ്ട
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കോളേജുകളിൽ കൊണ്ടുവന്ന് വിദ്യാർത്ഥികൾ പ്രകടനം നടത്തുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചു. എൽ.ഇ.ഡി.ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളിൽ വിനോദയാത്ര അനുവദിക്കരുത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഹർജിയും ഇതോടൊപ്പം പരിഗണിച്ചു. എൽ.ഇ.ഡി, ലേസർ ലൈറ്റുകളും മറ്റും ഘടിപ്പിക്കുന്ന തീർത്ഥാടക വാഹനങ്ങൾക്കെതിരെ പത്തനംതിട്ട പൊലീസ് മേധാവി നടപടിയെടുക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
പ്രവാസി സംഗമംആലോചനായോഗം
ശിവഗിരി : സെപ്തംബർ 16, 17 തീയതികളിൽ ശിവഗിരിയിൽ നടത്തുന്ന പ്രവാസി സംഗമത്തിന്റെ രണ്ടാംഘട്ട ആലോചനാ യോഗം 16ന് രാവിലെ 10ന് കഴക്കൂട്ടം ഇൻഫോസിസിന് എതിർവശമുള്ള ഫ്ളമിംഗോ ഇൻ ഹോട്ടലിന്റെ കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ടവരും തത്പരരായ മറ്റു പ്രവാസികളും പങ്കെടുക്കണമെന്ന് ശിവഗിരിമഠം അറിയിച്ചു. വിവരങ്ങൾക്ക്: പി. ആർ.ഒ- 9447551499.
ഗുരുവിജ്ഞാന സരണി
സത്സംഗം
തൃപ്പൂണിത്തുറ: ശിവഗിരിമഠം ശാഖാസ്ഥാപനമായ ഏരൂർ ശ്രീനരസിംഹാശ്രമത്തിൽ പ്രതിമാസ സത്സംഗം - ഗുരുവിജ്ഞാനസരണി 16ന് രാവിലെ 9.30ന് ആരംഭിക്കും. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളേജ് വേദാന്ത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മാതാ നിത്യചിന്മയി ഗുരുദേവകൃതി ജനനീ നവരത്ന മഞ്ജരിയെ ആധാരമാക്കി പഠനക്ലാസ് നയിക്കും. 11ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പ്രഭാഷണം നടത്തും. 12.30ന് ഗുരുപൂജാപ്രസാദ വിതരണം. വിശദവിവരങ്ങൾക്ക് : സ്വാമി ശാരദാനന്ദ, സെക്രട്ടറി, ശ്രീനരസിംഹാശ്രമം, ഏരൂർ. ഫോൺ: 9388849993
കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി അനുസ്മരണവും
കവിയരങ്ങും
ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി 16ന് രാവിലെ 10 മണിക്ക് ശിവഗിരിയിൽ ദൈവദശകം രചനാ ശതാബ്ദി സ്മാരക മന്ദിരത്തിൽ ആശാൻ അനുസ്മരണവും കവിയരങ്ങും നടക്കും. പങ്കെടുക്കുന്നവർക്ക് കവിതകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകും.
Source link