അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണം, ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നടപടിക്കെതിരെ കേജ്‌രിവാളിന്റെ അഭിഭാഷകൻ തടസഹർജി നൽകിയിട്ടുണ്ട്.

ജാമ്യം ലഭിച്ച കേജ്‌രിവാൾ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഇഡി കോടതിയെ സമീപിച്ചത്. ഉച്ചയോടെ തീഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കേജ്‌രിവാൾ പുറത്തിറങ്ങുമെന്ന് ആം ആദ്‌മി നേതാക്കൾ അറിയിച്ചു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

പുറത്തിറങ്ങുന്ന കേജ്‌രിവാളിന് വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കേജ്‌രിവാൾ പുറത്തിറങ്ങുന്നതെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

ഡൽഹി റോസ് അവന്യു കോടതിയാണ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്‌ജ് നിയയ് ബിന്ദു തള്ളിയിരുന്നു.

മാർച്ച് 21ന് ഇഡി അറസ്റ്റു ചെയ്‌ത കേജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മേയിൽ സുപ്രീംകോടതി 20 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തി. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ തന്റെ കക്ഷി പ്രതിയല്ലെന്നും മാപ്പുസാക്ഷിയായവർ നൽകിയ മൊഴികൾ അവിശ്വസനീയമാണെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി വാദിച്ചു.

കേജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ പാസ്‌വേർഡ് നൽകുന്നില്ലെന്നും ഇഡി വാദിച്ചു. സർക്കാരുമായി ബന്ധമില്ലാത്ത വിജയ് നായരെ കേജ്‌രിവാൾ ഇടനിലക്കാരനായി ഉപയോഗിച്ചെന്നും മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആവശ്യപ്പെട്ടെന്നുമടക്കം വാദങ്ങളും ഇഡി ഉന്നയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.


Source link
Exit mobile version