ബ്രസൽസ്: ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറൽ ആകും. അദ്ദേഹത്തോടു മത്സരിക്കാനുണ്ടായിരുന്ന റൊമേനിയൻ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് പിന്മാറിയതിനെത്തുടർന്നാണിത്. എതിരാളിയില്ലെങ്കിലും റട്ടയുടെ നിയമനത്തെ നാറ്റോ അംഗങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബെർഗ് ഒക്ടോബറിലാണു സ്ഥാനമൊഴിയുന്നത്. റട്ട നിലവിൽ നെതർലൻഡ്സിൽ കാവൽ സർക്കാരിനെ നയിക്കുകയാണ്. ഡച്ച് രാഷ്ട്രീയ പാർട്ടികൾ പുതിയ പ്രധാനമന്ത്രിയായി ഡിക് ഷൂഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 14 വർഷം ഡച്ച് പ്രധാനമന്ത്രിയായിരുന്ന റട്ടയ്ക്ക് യൂറോപ്യൻ രാഷ്ട്രീയത്തിലുള്ള സ്വാധീനം നാറ്റോ സെക്രട്ടറി ജനറൽ പദവിയിലേക്കു പരിഗണിക്കപ്പെടുന്നതിൽ അനുകൂല ഘടകമായിരുന്നു. അമേരിക്കയിൽ വീണ്ടും പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഡോണൾഡ് ട്രംപുമായി റട്ടയ്ക്കുള്ള അടുപ്പവും പരിഗണിക്കപ്പെട്ടു. നാറ്റോയ്ക്കു വലിയ പരിഗണന നല്കാത്ത നിലപാടാണു ട്രംപിനുള്ളത്.
Source link