കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക്
ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കടയിൽ സാധനം വാങ്ങാനെത്തിയ കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ (62),കവുങ്ങുംതോട്ടത്തിൽ ജോൺ (65),വാഹനത്തിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന തേക്കുംകുറ്റി സ്വദേശി മൂഴിയൻ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. കടയുടമ വലിയ മയിലാടിയിൽ ജോമോൻ (31),പിക്കപ്പ് വാൻ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ (37) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. പൂവാറൻതോട്ടിൽ നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് കോഴിവളം കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനവും കടയും സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൂർണമായും തകർന്നു. മരിച്ച സുന്ദരന്റെ ഭാര്യ പ്രേമ. മക്കൾ:അമൃത,ആതിര. ജോണിന്റെ ഭാര്യ:ലില്ലി. മക്കൾ:പ്രിയ (യു.കെ.),പ്രജീഷ് (ഇറ്റലി). മുഹമ്മദ് റാഫിയുടെ ഭാര്യ:ശൈലത് ബാനു. മക്കൾ:ഹസ ഫാത്തിമ,ആഷ്മി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുന്ദരൻ,റാഫി എന്നിവരുടെ സംസ്കാരം നടന്നു. ജോണിന്റെ സംസ്കാരം പിന്നീട്.
Source link